സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി

തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതി ഗുരുതരം. ബില്ലുകൾ മാറുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ധനവകുപ്പ് അതീവ രഹസ്യ നിർദേശം നൽകി. ശമ്പളവും പെൻഷനും നൽകാനുള്ള പണമേ ഇപ്പോൾ ട്രഷറിയിലുള്ളൂ എന്നാണ് റിപോർട്ടുകൾ.

രണ്ടായിരത്തിലെ പ്രതിസന്ധി ഘട്ടത്തിനു തുല്യമാണ് നിലവിലെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി. ട്രഷറി പൂട്ടേണ്ട ഗുരുതര സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട് . ട്രഷറിയിൽ ശേഷിക്കുന്നത് 4000 കോടി രൂപമാത്രം. ശമ്പളവും പെൻഷനും നൽകാൻ ഇത്രയും തുക വേണം. ക്ഷേമ പെൻഷനുകൾക്കും ബില്ലുകൾ മാറാനും പണമില്ല . സാമ്പത്തിക വർഷാവസാനം പ്രഖ്യാപിച്ച ട്രഷറി നിയന്ത്രണം വരും മാസങ്ങളിലും വേണ്ടി വരുമെന്നാണ് സൂചനകൾ. ഈ സാഹചര്യത്തിലാണ് ധനവകുപ്പ് അതീവ രഹസ്യ സർക്കുലർ വകുപ്പു സെക്രട്ടറിമാർക്ക് കൈമാറിയത് .അടിയന്തര പ്രാധാന്യമുള്ള ബില്ലുകൾക്ക് മാത്രം അനുമതി നൽകുക, അല്ലാത്തവ അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റിവയ്ക്കുക എന്നാണ് തീരുമാനം.