ദുരിതം ചുമന്നൊരു കൃഷിഭവൻ !

വെള്ളനാട്: വെള്ളനാട് കൃഷിഭവനിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ജീവനക്കാരെയും ജനങ്ങളെയും ഒരു പോലെ വലയ്ക്കുകയാണ്. വെള്ളനാട് സബ് രജിസ്ട്രാർ ഓഫീസിനടുത്തുനിന്നും നാല്മാസം മുൻപ് വെള്ളനാട് പബ്ലിക് മാർക്കറ്റിന് സമീപത്തേക്ക് മാറ്റിയതോടെ ക‌ൃഷിഭവന്റെ ദുരിതകാലവും തുടങ്ങി. വെള്ളനാട് വ്യാപാര സമുച്ചയം സ്ഥാപിക്കാൻ വേണ്ടി പഴയ കൃഷിഭവനും സമീപത്തെ കളിസ്ഥലവും ഏറ്റെടുക്കുകയും കൃഷിഭവൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ അപര്യാപ്തതകൾ നിറഞ്ഞതാണ് പുതിയ കെട്ടിടം. ഇരുനിലക്കെട്ടിടത്തിന്റെ പടിക്കെട്ടുകൾ കയറിവേണം കൃഷി ഓഫീസിൽ എത്താൻ. ഇവിടെയെത്തുന്നതിൽ ഭൂരിഭാഗവും പ്രായമേറി യവരാണെന്നിരിക്കെ കൃഷിയോഫീസിൽ എത്തുക വളരെ ദുഃസഹമാണ്. വനീതാജീവനക്കാർ ഏറെയുള്ള ഓഫീസിൽ ടോയ്ലറ്റ് പോലും ഇല്ല. പുതിയ കെട്ടിടത്തിലെ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ഉടൻ പരിഹരിക്കാമെന്ന വാഗ്ദാനം പഞ്ചായത്ത് അധികൃതർ നൽകിയെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല.കൃഷിഭവന് മുന്നിലെ പബ്ലിക് മാർക്കറ്റിലെ അറവുശാലയിൽ നിന്നുള്ള മാംസാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് കൃഷി ഭവന്റെ പരിസരത്താണ്. ഇതിൽ നിന്നും വമിക്കുന്ന ദുർഗന്ധം സഹിക്കേണ്ടിവരികയാണ് ഇവിടെയെത്തുന്നവരും ജീവനക്കാരും.