
തിരുവനന്തപുരം: വിമാനത്താവളത്തില്‍നിന്ന് ഡ്യൂട്ടികഴിഞ്ഞ് ഹോട്ടല്‍ മുറിയിലേക്കു പോകാന്‍ വാഹനം കാത്തുനിന്ന പഞ്ചാബ് സ്വദേശിയായ വനിതാ പൈലറ്റിനെ അപമാനിച്ച ടാക്സി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം, മണക്കാട് എം.എസ്.കെ. നഗര്‍ സ്വദേശിയാണ് ഡ്രൈവറെന്ന് വലിയതുറ പോലീസ് പറഞ്ഞു. വനിതാ പൈലറ്റിന്റെ പരാതിയെത്തുടര്‍ന്നാണ് വലിയതുറ പോലീസ് ടാക്സിഡ്രൈവര്ക്കെതിരെ കേസെടുത്തത്. ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ സഹപൈലറ്റാണിവര്. വിമാനം വൈകിയതിനെത്തുടര്‍ന്ന് ഇവരെ കൊണ്ടുപോകാന്‍ എത്തേണ്ടിയിരുന്ന വാഹനവും എത്താന്‍ വൈകിയിരുന്നു. തുടര്‍ന്ന് ടാക്സി പിക്കപ്പ് പോയിന്റില്‍ വാഹനം കാത്തു നില്‍ക്കെയാണ് പഞ്ചാബ് സ്വദേശിയായ പൈലറ്റിനോടു ടാക്സി ഡ്രൈവര്‍ അശ്ലീല പരാമര്‍ശം നടത്തിയത്. വെളളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഉടന്‍തന്നെ ഇവര്‍ എയര്‍പോര്‍ട്ട് അതോറിറ്റിയെ വിവരമറിയിച്ചെങ്കിലും ഡ്രൈവര്‍ സ്ഥലം വിടുകയായിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി ഇ-മെയില്‍ വഴി വലിയതുറ പോലീസിനു പരാതി നല്കി. എന്നാല്‍ പൈലറ്റ് നേരിട്ടെത്തി പരാതി നല്കാന് പോലീസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് പൈലറ്റ് എയര്‍ ഇന്ത്യയുടെ സ്റ്റാഫിനൊപ്പം വലിയതുറ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. ടാക്സി പോയിന്റിലെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചാണ് ഡ്രൈവറെ തിരിച്ചറിഞ്ഞത്.
ഡ്രൈവര്‍ ഉണ്ണികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് ഉണ്ണികൃഷ്ണന് നിരവധി കേസുകളില്‍ പ്രതിയാണെന്നു അറിയിച്ചു.