എൽഡിഎഫ് സ്ഥാനാർത്ഥികളെ കുറിച്ച് അറിയാം.. !

എൽഡിഎഫ് സ്ഥാനാർത്ഥികളെ പരിചയപ്പെടാം. ആറ് സിറ്റിംഗ് എംപിമാര്‍ക്ക് പുറമെ ആറ് എംഎല്‍എമാരും മത്സര രംഗത്തുണ്ട്. എംഎല്‍എമാരില്‍ നാല് പേര്‍ സിപിഐ എം പ്രതിനിധികളാണ്. രണ്ട് മുന്‍ രാജ്യസഭാ അംഗങ്ങളും നാല് മുന്‍ എംഎല്‍എമാരും മത്സരിക്കുന്നു. മത്സരരംഗത്ത് പുതുമുഖമായുള്ളത് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായ വി പി സാനുവാണ്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് പേര്‍ സിപിഐ എം സ്വതന്ത്രരാണ്‌

കാസര്‍കോട്

എല്‍ഡിഎഫ് ജില്ലാ കണ്‍വീനറും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമാണ് കെ പി സതീഷചന്ദ്രന്‍. 

രണ്ട് തവണ തൃക്കരിപ്പൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. പത്ത് വര്‍ഷം സിപിഐ എം കാസര്‍കോട് ജില്ലാ  സെക്രട്ടറിയായിരുന്നു. വിദ്യാര്‍ഥി -യുവജന പ്രസ്ഥാനങ്ങളിലൂടെയാണ്  പാര്‍ടിയുടെ നേതൃനിരയിലെത്തിയത്. നിലേശ്വരം പട്ടേന സ്വദേശിയാണ് ബിഎ- ബിരുദധാരിയായ സതീഷ്‌ചന്ദ്രന്‍.

 

കണ്ണൂര്‍

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ  ട്രഷററുമാണ് പി കെ ശ്രീമതി.

2001ല്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തി. 2006ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ആരോഗ്യമന്ത്രിയായി. 2014ല്‍ കണ്ണൂരില്‍ നിന്നും ലോക്‌സഭാംഗമായി. പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം അധ്യാപകപരിശീലനം നേടി. 2003ല്‍ സ്വയം വിരമിക്കുമ്പോള്‍ പ്രധാനാധ്യാപികയായിരുന്നു.

വടകര

സിപിഐ എം കണ്ണൂര്‍ ജില്ലസെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമാണ് പി ജയരാജന്‍.

ആര്‍എസ്എസ് കൊലപാതക രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി. ഐആര്‍പിസിയെന്ന സാന്ത്വനപരിചരണപ്രസ്ഥാനത്തെ ലോകം ശ്രദ്ധിക്കുന്ന ജനകീയതയിലേക്ക് വളര്‍ത്തി. വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. കേരള നിയമസഭയുടെ ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷംനേടി പി ജയരാജന്‍ മൂന്നുതവണ കൂത്തുപറമ്പില്‍നിന്ന് നിയമസഭാംഗമായി.

വയനാട്

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ പി പി സുനീര്‍ എല്‍ഡിഎഫ് മലപ്പുറം ജില്ലാ കണ്‍വീനറുമാണ്.

2011 മുതല്‍ 2018 വരെ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പൊന്നാനി താലൂക്കിലെ മാറഞ്ചേരിയില്‍  ജനിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി. രണ്ട് തവണ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് അംഗമായിരുന്നു.

കോഴിക്കോട്

13 വര്‍ഷമായി കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എംഎല്‍എ എന്ന നിലയില്‍ ജില്ലക്കാകെ സുപരിചിതനാണ് എ പ്രദീപ് കുമാര്‍. 

നാദാപുരം ചേലക്കാട് സ്വദേശിയാണ്.  സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും നേതൃപാടവം തെളിയിച്ചു.

മലപ്പുറം

എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റായ വി പി സാനു. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണ്. എംഎസ്ഡബ്ല്യു, എംകോം ബിരുദധാരി.

കുറ്റിപ്പുറം ഗവ. എച്ച്എസ്എസില്‍ എട്ടാം തരത്തില്‍ പഠിക്കവെ സജീവ എസ്എഫ്ഐ പ്രവര്‍ത്തകനായി. ദേശീയ തലത്തില്‍ ഉജ്വലമായ നിരവധി വിദ്യാര്‍ത്ഥി സമരങ്ങള്‍ക്കും കാമ്പയിനുകള്‍ക്കും നേതൃത്വപരമായ പങ്കുവഹിച്ചു.

പൊന്നാനി

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പി വി അന്‍വര്‍ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത്.

2005ല്‍ ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് എന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ചപ്പോള്‍ ഡിഐസിയുടെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായി. പിന്നീട് കരുണാകരന്‍ തിരിച്ചു പോയേങ്കിലും അന്‍വര്‍ സ്വതന്ത്ര നിലപാടെടുത്ത് മാറിനിന്നു. ഇടതുപക്ഷത്തോടാപ്പം ചേര്‍ന്ന അന്‍വര്‍ 2016 ല്‍ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ 11504 വോട്ടന് തോല്‍പ്പിച്ച് ഉജ്വല വിജയം നേടി.

പാലക്കാട്

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമായ എം ബി രാജേഷ് 2009ലും 2014 ലും പാര്‍ലമെന്റേ്ലക്ക് വിജയിച്ചു.

ആദ്യം ലഭിച്ച ഭൂരിപക്ഷം രണ്ടാമത് വിജയിക്കുമ്പോള്‍ ഒരു ലക്ഷത്തിലധികമായി ഉയര്‍ത്തി. പാര്‍ലമെന്റില്‍ മികച്ച പ്രകടനത്തിന് നിരവധി അംഗീകാരം ലഭിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് എത്തി. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും,  നിയമ ബിരുദവും കരസ്ഥമാക്കി.

ആലത്തൂര്‍

ഡോ. പി കെ ബിജു എസ്എഫ്ഐയിലൂടെയാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. 2008ല്‍ അഖിലേന്ത്യ പ്രസിഡന്റായി.

2012ല്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി. 2009ലും 2014 ലും ആലത്തൂരില്‍ നിന്ന് പാര്‍ലമെന്റംഗമായി. കാര്‍ഷിക മേഖലയിലെ നിരവധി വിഷയങ്ങള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച്  പരിഹാരം കണ്ടു. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ജനനം. എം ജി യൂണിവേ‌ഴ്സിറ്റി സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ നിന്നും ബിരുദാനന്തര ബിരുദംനേടി. വിശ്രമമില്ലാത്ത രാഷ്ട്രീയ–പൊതു പ്രവര്‍ത്തനത്തിനിടയിലും, കഠിനാധ്വാനത്തിലൂടെ  പോളിമര്‍ കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടി.

തൃശൂര്‍

രാജാജി മാത്യു തോമസ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, ജനയുഗം പത്രാധിപര്‍, മീഡിയ അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

12-ാം കേരള നിയമസഭയില്‍ ഒല്ലൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു. ലോകയുവജന ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഫിലോസഫിയില്‍ ബിരുദംനേടി. മലയാളത്തില്‍ ബിരുദാനന്തര ബിരുദവും പഠിച്ചു.

ചാലക്കുടി

2014ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി 13,854 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഇന്നസെന്റ് ചാലക്കുടി മണ്ഡലത്തിന്റെ എംപിയായി.

പാര്‍ലമെന്റില്‍ രാസ-രാസവളം, വിവര-വിനിമയ സമിതികളില്‍ അംഗമാണ്. 110 ശതമാനം എംപി ഫണ്ട് പദ്ധതികള്‍ക്ക് ഭരണാനുമതി വാങ്ങിയ എംപിയായി കൈയടി നേടി. 1750 കോടി രൂപയുടെ വികസനം മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കെത്തിച്ചു. ചലച്ചിത്ര ലോകത്തെയും നിറസാന്നിധ്യമായ ഇന്നസെന്റ് എഴുന്നൂറിലേറെ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

എറണാകുളം

സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ദേശാഭിമാനി പത്രാധിപര്‍ എന്നീ ചുമതലകള്‍ വഹിച്ചുവരികയാണ് പി രാജീവ്. 2009ല്‍ രാജ്യസഭാ അംഗം.

രാജ്യസഭ അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയെ നിയന്ത്രിക്കുന്ന പാനല്‍ ഓഫ് ചെയര്‍മാനുമായി. എംപിയായിരിക്കെ വിവിധ രംഗങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ രാഷ്ട്രീയത്തിനതീതമായ അംഗീകാരം നേടി. എസ്എഫ്‌ഐയിലൂടെ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ സജീവമായി. കേരളാ ഹൈക്കോടതിയില്‍ വക്കീലായി പ്രാക്ടീസ് ചെ‌യ്‌തിരുന്ന പി രാജീവ് പിന്നീട് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി.

ഇടുക്കി

മലയോര മേഖലകളുടെ ഭൂപ്രശ്‌നങ്ങളുയര്‍ത്തി നടത്തിയ സമരത്തിലെ നായകനായ അഡ്വ.ജോയ്‌സ് ജോര്‍ജ് 2014ല്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് 50542 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച് പാര്‍ലമെന്റംഗമായി.

മണ്ഡലത്തില്‍ 4750 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1970 ഏപ്രില്‍ 26ന് ജനനം. ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി 16 വര്‍ഷം അഭിഭാഷകവൃത്തി നടത്തി.

കോട്ടയം

സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ് വി എന്‍ വാസവന്‍. സിഐടിയു ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗവും റബ്കോ മുന്‍ ചെയര്‍മാനുമാണ്.

എസ്എഫ്ഐയിലൂടെ സംഘടനാ രംഗത്തെത്തി. 2006ല്‍ കോട്ടയത്തെ പ്രതിനിധീകരിച്ച് എംഎല്‍എയായി. കോട്ടയത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനമായ ‘അഭയം’ ചാരിറ്റബ്ള്‍ സൊസൈറ്റി രൂപീകരിക്കാന്‍ മുന്‍കൈ എടുത്തു.

ആലപ്പുഴ

യുഡിഎഫിന് മേല്‍ക്കൈയുണ്ടായിരുന്ന ജില്ലാ കൗണ്‍സില്‍ അരൂക്കുറ്റി ഡിവിഷന്‍ എസ്എഫ്‌ഐ നേതാവായിരിക്കേ പിടിച്ചെടുത്തുകൊണ്ടാണ് 1990ല്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ആരിഫ് കന്നിയങ്കം കുറിച്ചത്.

കെ ആര്‍ ഗൗരിയമ്മയെ 4,650 വോട്ടിന് പരാജയപ്പെടുത്തി 2006ല്‍ ആദ്യമായി നിയമസഭയിലെത്തി. 2011ല്‍ ഭൂരിപക്ഷം 16,850 ആയും 2016ല്‍ 38,519 ആയും അരൂരുകാര്‍ വര്‍ധിപ്പിച്ചു നല്‍കി. 1996 മുതല്‍ സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിക്കുന്നു.

മാവേലിക്കര

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ ചിറ്റയം ഗോപകുമാര്‍ നിലവില്‍ അടൂര്‍ എംഎല്‍എയാണ്.

2011ല്‍ അടൂരിന്റെ എംഎല്‍എ ആയപ്പോള്‍ 607 വോട്ടായിരുന്നു ഭൂരിപക്ഷം. 2016ല്‍ ഭൂരിപക്ഷം  25460 വോട്ടായി വര്‍ധിച്ചു. കുറഞ്ഞ കാലയളവില്‍ 500 കോടിയുടെ വികസനപദ്ധതികള്‍ അടൂരിന് സമ്മാനിച്ചു. ബാലവേദിയില്‍ തുടങ്ങി വിദ്യാര്‍ഥി–യുവജന പ്രസ്ഥാനങ്ങളിലൂടെ  മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനായി. നിയമസഭയില്‍ സിപിഐയുടെ പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയുമാണ്.

പത്തനംതിട്ട

ദൃശ്യമാധ്യമ പ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജ് 2016 നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മത്സരിച്ചത്.

കന്നി മത്സരത്തില്‍ കോണ്‍ഗ്രസിലെ കെ ശിവദാസന്‍ നായരെ പരാജയപ്പെടുത്തിയാണ് നിയമസഭാംഗമായി കോളേജ് അധ്യാപികയായിരിക്കെ മാധ്യമ രംഗത്തെത്തി. മലയാളം വാര്‍ത്താ ചാനലുകളിലെ ആദ്യ വനിതാ എക്‌സിക്യുട്ടീവ് ഡയറക്ടറായി. സിപിഐ എം പത്തനംതിട്ട ഏരിയാ കമ്മിറ്റിയംഗമാണ്. രാജ്യത്തിന് അകത്തും പറത്തുനിന്നുമായി മുപ്പതോളം പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്.

കൊല്ലം

സിപിഐ എം സംസ്ഥാനസെക്രട്ടറിയേറ്റംഗവും മുന്‍ രാജ്യസഭാംഗവുമായ കെ എന്‍ ബാലഗോപാല്‍  രണ്ടു തവണ കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു.

എംകോമിനുശേഷം എല്‍എല്‍എം ഒന്നാം ക്ലാസില്‍ വിജയിച്ച ബാലഗോപാല്‍ വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ്  പൊതുരംഗത്തെത്തിയത് . 2010ല്‍ രാജ്യസഭാംഗമായി. ലോക്പാല്‍, സെലക്ട് കമ്മിറ്റിയില്‍ സിപിഐ എം പ്രതിനിധിയായിരുന്നു.

ആറ്റിങ്ങല്‍

ആറ്റിങ്ങല്‍ മണ്ഡലത്തിലെ വികസന നായകന്‍ എ സമ്പത്ത്  പാര്‍ലമെന്റിലേക്ക് നാലാം തവണയാണ് ജനവിധി തേടുന്നത്.

തുടര്‍ച്ചയായി മൂന്നാംതവണയും. കഴിഞ്ഞതവണ 69,500 വോട്ടിന് ബിന്ദു കൃഷ്‌ണയെ പരാജയപ്പെടുത്തി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന സമിതി അംഗം, ദേശീയ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം ബാറില്‍ 31വര്‍ഷമായി അഭിഭാഷകനാണ്.

തിരുവനന്തപുരം

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും നെടുമങ്ങാട് എംഎല്‍എയുമാണ് സി ദിവാകരന്‍.

കരുനാഗപ്പള്ളി മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ ജനപ്രതിനിധിയും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രിയുമായിരുന്നു. എഐഎസ്എഫിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ചു. മലയാളത്തിലും ഹിന്ദിയിലും പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ബിഎ, ബിഎഡ് ബിരുദധാരിയായ സി ദിവാകരന്‍ കുറച്ചുകാലം അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.