ഇവിടെ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് നാളുകളായെന്ന് പരാതി….

മണമ്പൂർ : മണമ്പൂർ പഞ്ചായത്തിലെ നാലാം വാർഡിലെ പന്തടിവിള കള്ളിക്കാട് മഠം റോഡിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടിട്ടും നടപടിയില്ലെന്ന് പരാതി. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്ത് ഇതുമൂലം നിരവധി പേർക്ക് പൈപ്പിലൂടെ വെള്ളം ലഭ്യമാകാത്ത സ്ഥിതിയാണ്. രാവിലെ വാട്ടർ അതോറിട്ടിയുടെ സംഭരണ ടാങ്കിൽ ജലം പമ്പ് ചെയ്യുന്ന സമയത്ത് വളരെ ശക്തിയോടെയാണ് പൊട്ടിയ പൈപ്പിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നതെന്ന് നാട്ടുകാർ പറയുന്നു. പൈപ്പ്‌ പൊട്ടിയത് മണ്ണിനടിയിലായതിനാൽ പൈപ്പിലൂടെ വരുന്ന വെള്ളത്തിനും ചെളി കലർന്ന നിറ വ്യത്യാസമുണ്ട്. മാത്രവുമല്ല പ്രദേശത്തെ പൊതു ടാപ്പുകളിൽ വെള്ളത്തിന്റെ പ്രഷറും ഇതു മൂലം കുറയുന്നു. വാട്ടർ അതോറിട്ടിയിലും, ജനപ്രതിനിധിയെയും വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് ആക്ഷേപം.