ഇതൊരു ചന്ത, ഇവിടെ മാലിന്യമാണ് താരം !

നെടുമങ്ങാട്‌: ഇതൊരു ചന്തയാണ്.  തകര്‍ന്ന വഴിയിലൂടെ ചെന്നുകയറുന്നത്‌ മാലിന്യ കൂമ്പാരത്തിനു നടുക്ക്‌. മൂക്കുപൊത്താതെ നെടുമങ്ങാട്‌ ചന്തയില്‍ കയറാനാകില്ല. കച്ചവടക്കാരാകട്ടെ കടുത്ത രോഗഭീതിയിലും. ലക്ഷങ്ങള്‍ ചെലവിട്ട്‌ നിര്‍മ്മിച്ച്‌ ആധുനിക മത്സ്യചന്ത നോക്കുകുത്തിയായി നില്‍ക്കുമ്പോഴാണ്‌ ചന്ത പഴയതുപോലെ പാതയോരത്തു തന്നെ പ്രവര്‍ത്തിക്കുന്നത്‌. മുട്ടോളം മാലിന്യത്തില്‍ നിന്നുകൊണ്ടാണ്‌ മത്സ്യകച്ചവടം. പുഴുത്തുനാറുന്ന മാലിന്യം നീക്കം ചെയ്യാന്‍ നടപടികളൊന്നുമില്ല.
കൊട്ടിഘോഷിച്ച്‌ ഉദ്‌ഘാടനം ചെയ്‌ത ആധുനിക മത്സ്യമാര്‍ക്കറ്റ്‌ നിര്‍മ്മാണത്തിലെ അപാകത കാരണം വീണ്ടും പൂട്ടിയിട്ടു. ഒരുവര്‍ഷം മുന്‍പാണ്‌ പുതിയ കെട്ടിടം വിപണനത്തിനായി തുറന്നു കൊടുത്തത്‌. ഇവിടെ പാകിയ ടെല്‍സുകളില്‍ ചവിട്ടി കച്ചവടക്കാരും ചന്തയിലെത്തുന്നവരും താഴെ വീണ്‌ അപകടം പതിവായതോടെയാണ്‌ പുതിയ കെട്ടിടം പൂട്ടിയത്‌. കെട്ടിടത്തിന്റെ നിര്‍മ്മാണ സമയത്തു തന്നെ തറയില്‍ ടൈല്‍സ്‌ പാകുന്നതിലെ അപാകത കച്ചവടക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ അന്ന്‌ അതു പരിഗണിക്കാന്‍ കറാറുകാര്‍ തയാറാകാത്തതാണ്‌ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്‌. ആധുനിക മത്സ്യചന്തയില്‍ നിര്‍മ്മിച്ച ശീതീകരണ യൂണിറ്റ്‌ ഇതുവരെ തുറന്നു പ്രവര്‍ത്തിപ്പിക്കാനായില്ല. ലക്ഷങ്ങല്‍ ചെലവിട്ടാണ്‌ ശീതീകരണ യൂണിറ്റ്‌ സ്‌ഥാപിച്ചത്‌. ചന്തയിലെത്തുന്നവര്‍ക്ക്‌ ദുരിതങ്ങള്‍ മാത്രമാണ്‌ കൂട്ട്‌. ചന്തയിലേക്കിറങ്ങുന്ന വഴി മുഴുവന്‍ പൊട്ടിപൊളിഞ്ഞു. ഇവിടേയും പാതയ്‌ക്കിരു വശവും മാലിന്യം തന്നെ. ഇറച്ചി കച്ചവടം നടക്കുന്ന ഭാഗത്തും മാലിന്യം കുന്നുകൂടിയിരിക്കുകയാണ്‌. ചന്തയില്‍ നിന്നും മാലിന്യം മാറ്റാന്‍ കരാറെടുത്തിരുന്ന വ്യക്‌തി ഏറെ നാളായി ഇവിടേക്ക്‌ തിരിഞ്ഞു നോക്കുന്നില്ലെന്ന്‌ കച്ചവടക്കാര്‍ പറയുന്നു. ഒരുഭാഗത്ത്‌ പച്ചക്കറി മാലിന്യവും മറുഭാഗത്ത്‌ മത്സ്യ – മാംസാവശിഷ്‌ടവും കുന്നുകൂടി. മാലന്യങ്ങള്‍ സമീപത്തെ വീടുകളിലെ കിണറുകളില്‍ കൊണ്ടിടുന്ന ജീവികളും നാട്ടുകാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുകയാണ്‌. മാലിന്യത്തിന്റെ ദുര്‍ഗന്ധം കാരണം ചന്തയിലെത്തുന്നവര്‍ക്ക്‌ മൂക്കുപൊത്തി കൊണ്ടുമാത്രമേ നില്‍ക്കാനാവു. ഈ സ്‌ഥിതി തുടരുകയാണെങ്കില്‍ തങ്ങള്‍ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട്‌ അധികം താമസിക്കാതെ കിടപ്പിലാവുമെന്ന്‌ മത്സ്യവ്യാപാരികള്‍ പറയുന്നു.