87 ന്റെ നിറവിൽ മാതശ്ശേരിക്കോണം യു പി എസ്

അഴൂർ : അഴൂർ പഞ്ചായത്തിന്റെ വിദ്യാഭ്യാസ ഭൂമികയിലെ സജീവ സാനിദ്ധ്യമായ മാതശ്ശേരിക്കോണം ഗവ.യു.പി.സ്കൂൾ നേട്ടങ്ങളുടെ നെറുകയിലേക്ക് കുതിക്കുകയാണ്. എട്ടര പതിറ്റാണ്ട് പൂർത്തിയാക്കിയ വിദ്യാലയത്തിന്റെ 87 മത് വാർഷികാഘോഷവും 33 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ശ്രീമതി.ബി.വസന്തകുമാരി ടീച്ചർക്കുള്ള യാത്രയയപ്പും കിഡ്സ് ഫെസ്റ്റും പ്രതിഭകളെ ആദരിക്കലും 2019 മാർച്ച് 19 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ സ്കൂൾ അങ്കണത്തിൽ നടന്നു.

കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി.ശശി അധ്യക്ഷത വഹിച്ച സമാപന സമ്മേളനം ടൂറിസം ദേവസ്വം സഹകരണ വകുപ്പ് മന്ത്രി  കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു .
33 വർഷത്തെ സർക്കാർ സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രാധാനാധ്യാപിക വസന്തകുമാരി ടീച്ചർക്കുള്ള അനുമോദനവും ഉപഹാരവും കടകംപള്ളി സുരേന്ദ്രൻ നൽകുകയുണ്ടായി. പി.ടി എ യുടെ ഉപഹാരം കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ടീച്ചർക്ക് കൈമാറി.
വർക്കല എം.എൽ എ
അഡ്വ.വി ജോയി മുഖ്യാതിഥിയായി.
അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഇന്ദിര, ജില്ലാ പഞ്ചായത്ത് മെമ്പർ കവിത, അഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അജിത്ത്, വിദ്യാഭ്യാസ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി.സുധർമ്മ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.അനിൽ ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി.ശോഭ, മെമ്പർ ബി. മനോഹരൻ, ഡയറ്റ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. ഷീജാ കുമാരി, ബി.പി.ഒ സജി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.പി ടി.എ പ്രസിഡന്റ് ഷൈലജൻ കൃതജ്ഞതയും രേഖപ്പെടുത്തി. നൂതനവിദ്യാഭ്യാസ ആശയങ്ങൾക്ക് ഒപ്പം എന്നും നിലക്കൊള്ളുന്ന മാതശ്ശേരി ക്കോണം സ്ക്കൂളിലെ പ്രൗഡഗംഭീര സദസിനു മുന്നിൽ സമൂഹത്തിലെ നാനാ തുറകളിലും ഉള്ള വ്യക്തികൾ സ്ഥാനം പിടിച്ചു. തുടർന്ന് കലയും മികവും ഒത്ത് ചേർന്ന കുരുന്നുകളുടെ വൈഭവം സദസ്സിനു മുന്നിൽ മാറ്റുരച്ചു.
അക്കാദമിക് മികവുകൾ കാര്യക്ഷമമാക്കുന്നതിനും കുട്ടികളിൽ മത്സരബുദ്ധി വർദ്ധിപ്പിക്കുന്നതിനും ആയി ക്ലാസ് തല പ്രതിഭകൾ ,കായിക താരങ്ങൾ, രക്ഷകർത്താക്കളിൽ നിന്നും തിരഞ്ഞെടുത്ത ‘ടെലി ക്വിസ് ‘വിജയികൾ എന്നിവർക്കുള്ള ഉപഹാരങ്ങൾ വേദിയിൽ വിതരണം ചെയ്തു.
സ്കൂളിന്റെ മികവുകൾ കോർത്തിണക്കി ഉത്സവമേളം എന്ന പേരിൽ ഒരു നാടകവും അരങ്ങേറി.