നവീകരിച്ച ലോവർ മീൻമുട്ടി ഹൈഡൽ ടൂറിസം നാടിന് സമർപ്പിച്ചു

പാലോട്: നവീകരിച്ച ലോവർ മീൻമുട്ടി ഹൈഡൽ ടൂറിസം പദ്ധതി വൈദ്യുതി മന്ത്രി എം എം മണി നാടിന് സമർപ്പിച്ചു.  ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി. വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതികള്‍ ഏറെ ആകര്‍ഷകമാണെന്നും ടൂറിസത്തോടൊപ്പം പ്രകൃതിയുടെ സന്തുലിതാവസ്ഥ കൂടി സംരക്ഷിക്കപ്പെടുന്ന ഇത്തരത്തിലുള്ള ഹൈഡൽ ടൂറിസം പദ്ധതികൾ കാണാൻ നിരവധി സഞ്ചാരികൾ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാര മേഖലയിലെ അനന്ത സാധ്യതകൾ മുന്നിൽക്കണ്ട‌് സംസ്ഥാന സർക്കാരിന്റെ ആയിരം ദിന കർമപരിപാടികളുടെ ഭാഗമായാണ് 35 ലക്ഷം രൂപ മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. സ്ലോ സ്പീഡ് ബോട്ടുകളും ഹൈ സ്പീഡ് ബോട്ടുകളും പെഡൽ ബോട്ടുകളും കുട്ടികൾക്ക് വേണ്ടിയുള്ള പാർക്കും  ആകർഷകമായ പൂന്തോട്ടവും വെള്ളച്ചാട്ടവും അടങ്ങുന്നതാണ് നവീകരിച്ച ഹൈഡൽ ടൂറിസം പദ്ധതി. 2006-ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്ത പദ്ധതി പിന്നീട് അധികാരത്തിലെത്തിയ യുഡിഎഫ് ഗവൺമെന്റിന്റെ അവഗണനമൂലം നശിച്ചുപോകുകയായിരുന്നു. എന്നാൽ,  വീണ്ടും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടുകൂടി പദ്ധതിയ്ക്ക് പുതുജീവൻ വയ്ക്കുകയായിരുന്നു.  ഡി കെ മുരളി എംഎൽഎയുടെ സജീവമായ ഇടപെടലുകളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. മീൻമുട്ടി ഹൈഡൽ ടൂറിസത്തിനു വേണ്ടി നിയമസഭയിൽ ആവശ്യപ്പെടുകയും സർക്കാർ തലത്തിൽ  അനുകൂല തീരുമാനം നേടിയെടുക്കുകയും ചെയ്തത് എംഎൽഎയാണ്.
നിലവിലുള്ള ബോട്ടുകളെ കൂടാതെ ഒരു ബോട്ടുകൂടി അനുവദിക്കുമെന്ന് എംഎൽഎ ഉദ്ഘാടനവേളയിൽ പ്രഖ്യാപിച്ചു. സഹകരണ സംഘങ്ങളുടെ സഹായത്തോടുകൂടി ഒരു വാട്ടർ തീം പാർക്ക് നിർമിക്കുക എന്നതാണ് ഹൈഡൽ ടൂറിസത്തോട് അനുബന്ധിച്ചുള്ള ഭാവിപ്രവർത്തനങ്ങളിൽ പ്രധാനമായും മുന്നിലുള്ളത്.
ചടങ്ങിൽ ഹൈഡൽ ടൂറിസം ഡയറക്ടർ കെ ജെ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് വി കെ മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് കെ പി ചന്ദ്രൻ, നന്ദിയോട് പഞ്ചായത്ത് പ്രസഡന്റ‌് ദീപ സുരേഷ്, പഞ്ചായത്ത് സ്റ്റാൻഡിങ‌് കമ്മിറ്റി അംഗങ്ങൾ, വാർഡ് മെമ്പർമാരായ ആർ പുഷ്പൻ, എസ് ഗിരിജകുമാരി, സിപിഐ എം ലോക്കൽ  സെക്രട്ടറി ജി എസ് ഷാബി എന്നിവർ സംസാരിച്ചു.