മെറ്റൽ കൂന അപകടക്കെണി, ജീവൻ പണയം വെച്ച് യാത്രക്കാർ

കല്ലമ്പലം: റോഡ് നിർമ്മാണത്തിനായി ഇറക്കിയിട്ടിരിക്കുന്ന മെറ്റൽ കൂന അപകടക്കെണിയാവുന്നതായി പരാതി. കല്ലമ്പലം – നഗരൂർ റോഡിന്റെ നിരവധി ഇടങ്ങളിൽ ഇത്തരത്തിൽ അപകടകരമാം വിധം മെറ്റിൽ ഇറക്കിയിട്ടിട്ടുള്ളത്. മേഖലയിലെ തന്നെ ഏറ്റവും തിരക്കേറിയതാണ് കല്ലമ്പലം നഗരൂർ റോഡ്. അപകടങ്ങൾ നിത്യസംഭവങ്ങളായ റോഡിലാണ് കൂനിന്മേൽ കുരു എന്ന നിലയിൽ നിർമ്മാണ സാമഗ്രി കൂടി ഇറക്കിയിട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസം ആറ്റിങ്ങൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ തോട്ടയ്ക്കാട് സ്വദേശി അരുൺ കുമാർ ബൈക്കുമായി കെ.എസ്.ആർ.ടി.സി ബസ് മറികടക്കുന്നതിനിടെ മെറ്റിൽ കൂനയിലേക്ക് വീണ് പരിക്കേറ്റിരുന്നു. ഇരുചക്രവാഹന യാത്രികരാണ് ഇവിടെ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത്. മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടങ്ങൾ ഏറെയും നടക്കുന്നത്. മെറ്റൽ കൂനകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.