വേനൽ ഒന്നും ഒരു വിഷയമേയല്ല ! തരിശുഭൂമിയിൽ പൊന്ന് വിളയിച്ച് ആദിവാസികൾ

നന്ദിയോട് : തരിശു കൃഷിയിൽ മികച്ച വിളവെടുത്ത് നീർപ്പാറയിലെ ആദിവാസി അമ്മമാർ കൈയടി നേടുന്നു. ഏറെക്കാലമായി പന്നിശല്യത്താലും ജലദൗർലഭ്യത്താലും തരിശായ ഒന്നര ഏക്കർ ഭൂമിയിൽ വാർഡ് മെമ്പർ ഷീലാ മധുകുമാറിന്റെ നേതൃത്വത്തിലാണ് മാതൃകാ കൃഷി നടത്തിയത്. ജില്ലാ പഞ്ചായത്തിന്റെ ജൈവ സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി 22 അംഗ ആദിവാസി സംഘം തരിശു ഭൂമിയിൽ കൃഷിക്ക് ഇറങ്ങിയപ്പോൾ ആക്ഷേപിച്ചവരുണ്ട്.എന്നാൽ, ശ്രദ്ധാപൂർവമുള്ള പരിപാലനത്തിൽ മികച്ച വിളവ് തന്നെ അവർക്ക് ലഭിച്ചു. മണ്ണൊരുക്കലിലും ജലസേചനത്തിലും ജൈവവള ഉത്പ്പാദനത്തിലും നന്ദിയോട് കൃഷിഓഫീസർ ജയകുമാറും കൃഷി അസിസ്റ്റൻഡ് ആർ.അജിത്ത് കുമാറും മറ്റ് ജീവനക്കാരും ഒപ്പമുണ്ടായിരുന്നു.ചീരയും പാവലുമായിരുന്നു ആദ്യ വിളവ്. തുടർ കൃഷിയിൽ വാഴയും പച്ചക്കറിയും കിഴങ്ങുവർഗങ്ങളും ചെറുധാന്യവുമൊക്കെ ഉൾപ്പെടുത്തി.ആദിവാസികൾ കന്നി വിളവ് വേനലുത്സവമായി ആഘോഷിച്ചു. സംഘം പ്രസിഡന്റ് രമ,സെക്രട്ടറി രതിദേവി,തങ്കമ്മ കാണി നേതൃത്വം വഹിച്ചു.