നന്ദിയോട് – ചെറ്റച്ചൽ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

നാടിന്റെ മുഖച്ഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ആയിരം ദിനങ്ങളായി സര്‍ക്കാര്‍ ചെയ്തുവരുന്നതെന്ന് പുരാവസ്തു-പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികം തടസമാകില്ല. തീരദേശ-മലയോരപ്രദേശങ്ങളില്‍ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാമനപുരം നിയോജകമണ്ഡലത്തിലെ നന്ദിയോട്- ചെറ്റച്ചല്‍ റോഡിന്റെ നിിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി 9.68 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നന്ദിയോട് നിന്നും ചെറ്റച്ചല്‍ വരെയുള്ള ആറു കിലോമീറ്റര്‍ ദൂരം ഏഴ് മീറ്റര്‍ വീതിയില്‍ ആങ&ആഇ സ്റ്റാന്‍ഡേര്‍ഡില്‍ ആവശ്യമായ ഇടങ്ങളില്‍ സംരക്ഷണഭിത്തി, കലുങ്ക്, ഓട,നടപ്പാത എന്നിവയോട് കൂടി ആധുനിക രീതിയില്‍ നിര്‍മ്മിക്കും.

ഡി.കെ. മുരളി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുഖ്യപ്രഭാഷണം നടത്തി. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രന്‍, നന്ദിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ സുരേഷ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു