നാവായിക്കുളം ഇരുപത്തിയെട്ടാംമൈൽ ചന്ത വീർപ്പുമുട്ടലിൽ

നാവായിക്കുളം : അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുകയാണ് നാവായിക്കുളം ഇരുപത്തിയെട്ടാംമൈൽ ചന്ത. പ്രധാന മത്സ്യവില്പന കേന്ദ്രമായ ഇവിടെ മീൻ ഇറക്കി കച്ചവടം നടത്താനുള്ള സൗകര്യമോ കൃത്യമായ മാലിന്യ നിർമാർജന സംവിധാനങ്ങളോ ടോയ്ലെറ്റുകളോ ഇല്ല. ഇത് കാരണം ദുർഗന്ധവും രൂക്ഷമാണ്. മീൻ കച്ചവടത്തിന് വേണ്ടി ലക്ഷങ്ങൾ മുടക്കി നിർമിച്ച ഷെഡ് തകർന്ന് വീണിട്ട് മാസങ്ങളായിട്ടും പുനർനിർമ്മിച്ചിട്ടില്ല. കൂടാതെ ചന്തയോട് ചേർന്നുള്ള പഞ്ചായത്ത് കെട്ടിടം അപകടാവസ്ഥയിലായതിനാൽ വാടക നൽകി ഇതിൽ പ്രവർത്തിക്കുന്ന വ്യാപാരികൾ ഭീതിയിലാണ്. പ്രദേശവാസിയായിരുന്ന അപ്പികുഞ്ഞ് ലബ്ബ 60 വർഷം മുൻപ് നാവായിക്കുളം പഞ്ചായത്തിനു സൗജന്യമായി നൽകിയ 50 സെന്റ് വസ്തുവിൽ, പഞ്ചായത്ത് നിർമിച്ച ഇരുനില കെട്ടിടമാണ് ഏതു നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലുള്ളത്. കാലപ്പഴക്കം കൊണ്ട് കമ്പികൾ ദ്രവിച്ച് കോൺക്രീറ്റ് പാളികൾ അടർന്നു വീണു കൊണ്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിരവധി കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മുകളിലത്തെ നിലയിലെ ഭിത്തികൾക്കും വിള്ളൽ സംഭവിച്ചിട്ടുണ്ട്. ചന്തയോട് ചേർന്നുള്ള ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വാടകയിനത്തിലും മറ്റും നല്ല വരുമാനമാണ് പഞ്ചായത്തിന് ലഭിക്കുന്നത്. 17 ലക്ഷത്തിലധികം രൂപയ്ക്കാണ് ചന്ത വർഷംതോറും ലേലത്തിൽ പോകുന്നത്. വ്യാഴം, ഞായർ ദിവസങ്ങളിൽ രാവിലെ മീൻചന്ത കഴിഞ്ഞാലുടനെ ആട്ടിൻചന്ത കൂടും. നൂറുകണക്കിന് ആടുകളെയാണ് ഇവിടെ വിൽപനയ്ക്കായി കൊണ്ടുവരുന്നത്. ആടോന്നിന് 50 രൂപ നിരക്കിലാണ് ചന്തക്കരമായി ഈടാക്കുന്നത്. ചന്തയുടെ അകത്തു പ്രവേശിക്കുന്ന വാഹനങ്ങൾക്കും കരം ഈടാക്കും. കഴിഞ്ഞ 5 വർഷത്തിനിടയിൽ ഒരു വികസന പ്രവർത്തനവും പഞ്ചായത്ത് ഇവിടെ നടത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതോടൊപ്പം നിലംപതിക്കാറായ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.