വീടെന്ന് പേര്, അകത്ത് നിന്നാൽ ആകാശം കാണാം ! ഇവരുടെ ജീവിതം ഇങ്ങനെ….

നാവായിക്കുളം: മലർന്ന് കിടന്ന് നോക്കിയാൽ ആകാശം കാണുന്ന വീട്. അദ്ഭുത വീടൊന്നുമല്ല. ഓലമേയാൻ നിവൃത്തിയില്ലാത്ത വീട്ടിൽ കഴിയുന്ന ഒരു കുടുംബത്തിന്റെ ഉള്ള് പൊള്ളിക്കുന്ന സങ്കടമാണിത്.പോളിത്തീൻ ഷീറ്റുകൾ പെറുക്കിയെടുത്ത് ഓലപ്പുറത്ത് വലിച്ചു കെട്ടി ഒറ്റ മുറിക്കുടിലിനുള്ളിൽ കഴിയുന്ന സുരേഷ് കുമാറിന് പറയാൻ കഥകളേറെ. ഒക്കെയും അധികൃതരുടെ അവഗണനയുടെ കണ്ണീർക്കഥകൾ. നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ കോട്ടറക്കോണം ചിരട്ടക്കുന്ന് സുധീഷ്‌ ഭവനത്തിൽ സുരേഷ് കുമാറാണ്(38) തന്റെ സങ്കടം പറഞ്ഞ് തുടങ്ങിയത്.പത്തു വർഷത്തിന് മുൻപ് പഞ്ചായത്ത്‌ നൽകിയ മൂന്ന് സെന്റിലാണ് കൂട്ടുകാരുടെ സഹായത്തോടെ കട്ടയും ചെളിയും ഉപയോഗിച്ച് ഓലമേഞ്ഞ ഒരു കുഞ്ഞു വീടുണ്ടാക്കിയത്. വാതിലിനു പകരം ഒരു കറുത്ത തുണി വലിച്ചു കെട്ടിയാണ് സഹധർമ്മിണിയായ മിനിമോളുമായി താമസം തുടങ്ങിയത്. അന്നുമുതലിങ്ങോട്ട് ഒരു നല്ല അടച്ചുറപ്പുള്ള വീടിനായുള്ള നെട്ടോട്ടമായിരുന്നു.കൂലിപ്പണിക്കാരായ സുരേഷ് കയറാത്ത ഓഫീസുകളില്ല. കാണാത്ത ഉദ്യോഗസ്ഥരും.പക്ഷേ നിരാശയായിരുന്നു ഫലം.മാനം കറുക്കുമ്പോൾ സുരേഷിന്റെ ചങ്കിടിപ്പേറും.മഴ ആ വീട്ടിനുള്ളിലേക്ക് പെയ്തിറങ്ങുകയാണ് പതിവ്.മഴയുടെ പ്രഹരം താങ്ങാനുള്ള കരുത്ത് ഇന്നീ മൺവീടിനില്ല.മഴയെത്തുമ്പോൾ തന്റെ മക്കളെ ചേർത്ത് പിടിച്ച് പ്രാർത്ഥിക്കാനേ ഇവർക്ക് കഴിയൂ. തേവലക്കാട് എസ്.എൻ. യു.പി. എസിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സുധീഷ്‌കുമാറും, മടന്തപ്പച്ച എം.എൽ. പി. എസിൽ മൂന്നിൽ പഠിക്കുന്ന സുജീഷ് കുമാറുമാണ് മക്കൾ.മഴ പലപ്പോഴും ഇവരുടെ പാഠപുസ്തകങ്ങളും നനയിച്ചു.ഇനി വരുന്ന വർഷകാലത്തെ അതിജീവിക്കാൻ ഈ വീടിനു കഴിയില്ലെന്നാണ് ഈ കുടുംബം പറയുന്നത്.

വീട് വയ്ക്കാനായി പഞ്ചായത്ത്‌ നൽകിയ മൂന്ന് സെന്റിന്റെ ആധാരം 10 വർഷം കഴിഞ്ഞിട്ടും കിട്ടിയിട്ടുമില്ല. ആധാരത്തിനായും കുറേ ഓഫീസുകൾ കയറിയിറങ്ങി. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നൊരു നടപടിയുണ്ടാകുമെന്ന അവസാന പ്രതീക്ഷയിലാണ് ഇവർ.