‘പഠിക്കാം, സിനിമയും കാണാം’- മിനി തിയേറ്ററുമായി ഒരു സ്കൂൾ !

നാവായിക്കുളം : ഒരു സ്കൂളിനുള്ളിൽ മിനി തിയേറ്റർ ഉണ്ട്. അതും ഒരു എൽ.പി സ്കൂളിൽ. നാവായിക്കുളം കെ.സി.എം.എൽ.പി.എസിലാണ് വിദ്യാർത്ഥികൾക്ക് അത്ഭുതം പകരുന്ന പഠനരീതി നൽകുന്നത്. ഓരോ സ്കൂളിനും ഓരോ മുഖച്ഛായയും അന്തരീക്ഷവുമാണ്. ഗവ സ്കൂളിനും പ്രൈവറ്റ് സ്കൂളിനും വ്യത്യസ്തമായ പഠന ശൈലിയും വേറിട്ട സൗകര്യവുമാണ് ഒരുക്കുന്നത്. എന്നാൽ ആ പ്രതീക്ഷകൾക്ക് മുകളിലാണ് നാവായിക്കുളം കെ.സി.എം.എൽ.പി.എസ്‌.

 

അന്താരാഷ്ട്ര നിലവാരത്തിലുള്ള സാഹചര്യമാണ് ഇവിടെ ഉള്ളത്. അൺഎയ്ഡഡ് സ്കൂളായ ഇവിടെ കെജി സെക്ഷൻ വിദ്യാഭ്യാസം മറ്റുള്ള സ്കൂളിനേക്കാൾ ഏറെ മികച്ചതാണ്. ക്ലാസ് റൂമുകൾ ഡിജിറ്റലായതിനാൽ ഇവിടത്തെ പഠന രീതി കുട്ടികൾക്ക് വളരെ വേഗം ഗ്രഹിക്കാൻ കഴിയുന്ന തരത്തിലാണ്. വൻ തുക ഡോണെഷൻ നൽകി സാധാരണയുള്ള രീതിയിൽ വിദ്യാഭ്യാസം നൽകുന്ന കച്ചവട സ്ഥാപനങ്ങൾക്ക് ഈ സ്കൂൾ ഒരു വെല്ലുവിളിയാണ്.

 

മിനി തിയേറ്റർ എന്നാണ് പേരെങ്കിലും മൾട്ടി പ്ലക്‌സ്‌ തിയേറ്ററുകളുടെ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. പ്രത്യേക കെട്ടിടത്തിലാണ് തിയേറ്റർ സ്ഥാപിച്ചിട്ടുള്ളത്. ഫുൾ എച്ച്.ഡി പ്രൊജക്റ്റർ, ഏറ്റവും മികച്ച ശബ്ദം എന്നിങ്ങനെ വില കൂടിയ ടിക്കറ്റ് എടുത്ത് കയറേണ്ട നിലവാരമാണ് ഇവിടത്തെ തിയേറ്ററിനുള്ളത്.മാസത്തിൽ 3-4 തവണ കുട്ടികൾക്ക് തിയേറ്ററിൽ ഇരുന്ന് സിനിമ കാണാം. പഠനത്തോടൊപ്പം വിനോദവും കുട്ടികളിൽ വളർത്തി കുട്ടികളെ എല്ലാ മേഖലയും പരിചയപ്പെടുത്തി അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിച്ച് മുന്നിലേക്ക് കൊണ്ടുവരാനുള്ള ശ്രമം കൂടിയാണിത്.മാത്രമല്ല സോളാർ സിസ്റ്റം ഉള്ള ഇവിടെ വൈദ്യുതി തടസ്സം ഉണ്ടായാലും സോളാറിന്റെ വൈദ്യുതി സ്കൂളിന് ആശ്വാസമാകും.

 

‘എൻറെ സ്വപ്ന വിദ്യാലയം ‘എന്ന പ്രോജക്ട് പ്രകാരമാണ് സ്കൂളിൻറെ പുതിയ പദ്ധതികൾ നടപ്പിലാക്കി വരുന്നത്. എ.സി ക്ലാസ് മുറികളും സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിഷരഹിതമായ ഭക്ഷണവും, ഓർഗാനിക് ഫാമിലെ ശുദ്ധമായ പാലും എല്ലാം ഇവിടത്തെ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. കൂർമമായ ബുദ്ധിക്കും, ഓർമ ശക്തിക്കും ആരോഗ്യമുള്ള ശരീരത്തിനും സ്കൂൾ പ്രത്യേക പരിഗണന നൽകുന്നുണ്ട്. കൂടാതെ സ്കൂളിന്റെ എല്ലാ അനക്കവും ഇവിടത്തെ സിസിടീവി ക്യാമെറകൾ ഒപ്പിയെടുക്കും .അതുകൊണ്ട് തന്നെ ഇവിടെ എത്തുന്നവർ സുരക്ഷിതരാണെന്നും അധ്യാപകർ പറയുന്നു . സ്കൂളിൻറെ സമയങ്ങളിൽ കൃത്യത പാലിക്കാൻ പഞ്ചിങ് സിസ്റ്റവും ഇവിടെയുണ്ട്.

ഇവിടത്തെ അധ്യാപകരും വിദ്യാർത്ഥികളും നല്ല സുഹൃത്തുക്കളാണ്. സഹപാഠികളെ പോലെ കഴിയുന്നവർ അധ്യാപകർ ചൂണ്ടിക്കാണിക്കുന്ന തെറ്റുകൾ തിരുത്താനും മടികാണിക്കുന്നില്ല. ക്ലാസ്സുകളിൽ ശ്രദ്ധിച്ചിരുന്ന് പഠിക്കാനും പ്രത്യേക താല്പര്യം കാണിക്കുന്നു. മാത്രമല്ല സ്കൂളിലേക്ക് വരാൻ ഓരോ കുട്ടിയും പ്രത്യേക ഉത്സാഹം കാണിക്കുന്നുണ്ട്. സ്കൂളിലെ സാഹചര്യവും സൗകര്യവും എല്ലാം കുട്ടികൾക്ക് അനുയോജ്യമായ നിലയിലാണ്. സ്കൂളിൻറെ പ്രവേശന കവാടത്തിൽ നിന്ന് നോക്കിയാൽ സ്കൂളിന്റെ മികച്ച സൗകര്യ രീതികളൊന്നും വ്യക്തമാകില്ല. എന്നാൽ സ്കൂളിന്റെ അകത്തു കയറിയാൽ ഇതൊരു വിദേശ രാജ്യത്തെ സ്കൂളാണ് എന്നുപോലും തോന്നിപ്പോകും. മികച്ച വിദ്യാഭ്യാസത്തോടൊപ്പം മികച്ച രീതിയിൽ ആവട്ടെ നമ്മുടെ കുട്ടികൾ പഠിക്കുന്നത് . വിദ്യാഭ്യാസത്തോടൊപ്പം വിനോദവും കായികവും എല്ലാം ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന വിദ്യാലയമാണ് ഇന്നത്തെ തലമുറയുടെ സ്വപ്നം. അതിന് ഏറ്റവും ഉത്തമമായ ഉത്തരം നാവായിക്കുളം കെ.സി.എം.എൽ.പി.എസാണ്.