നെല്ലിക്കുന്ന് ക്രഷർ യൂണിറ്റുകളിൽ വില വർദ്ധനവ് ആരോപിച്ച് സംയുക്ത സമര സമിതിയുടെ അനിശ്ചിതകാല സമരം

കരവാരം : കരവാരം വില്ലേജിൽ നെല്ലിക്കുന്ന് പ്രവർത്തിക്കുന്ന അഞ്ച് ക്രഷർ യൂണിറ്റുകൾ അനധികൃതമായി വില വർദ്ധിപ്പിക്കുന്ന എന്നാരോപിച്ച് സംയുക്ത സമര സമിതിയുടെ അനിശ്ചിതകാല സമരം 7 ദിവസം പിന്നിട്ടു. 2019 മാർച്ച് ഒന്നുമുതൽ ക്രഷർ യൂണിറ്റുകളിലെ അനധികൃത വിലക്കെതിരെയാണ് സി.ഐ.റ്റി.യു, ബി.എം.എസ് , ഐ.എൻ.ടി.യു.സി തൊഴിലാളി സംഘടനകൾ സംയുക്തമായി രാപ്പകൽ സമരം നടത്തുന്നത്. എന്നാൽ ഏഴ് ദിവസമായി ക്രഷർ യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്നില്ലെങ്കിലും ഇതുവരെയും ചർച്ച നടപടികൾക്ക് മാനേജ്മെൻറ് തയ്യാറായിട്ടില്ല. ആദ്യം ഒരു പ്രാവശ്യം ചർച്ച നടത്തി വില കുറയ്ക്കണമെന്നു സമരാനുകൂലികൾ അപേക്ഷിച്ചിട്ടും മാനേജ്മെൻറ് അതിന് വഴങ്ങിയില്ല എന്നാണ് സമരാനുകൂലികൾ പറയുന്നത്.

ജില്ലയിൽ വില ഏകീകൃതമാണെന്ന് കളക്ടർ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ സമരാനുകൂലികൾക്ക് അറിയാൻ കഴിഞ്ഞു. മാത്രമല്ല വിഷയുമായി ബന്ധപ്പെട്ട് കളക്ടർക്ക് പരാതി നൽകുകയും ചെയ്തു. അനധികൃതമായി മൈനിങ് നടത്തിയതിന് 6 കോടി രൂപയോളമാണ് ക്രഷർ യൂണിറ്റുകൾക്ക് സർക്കാർ പിഴയായി ചുമത്തിയത്. ഈ തുക പാവപ്പെട്ട ജനങ്ങളിൽ നിന്നും, ലോറി ഡ്രൈവർമാരും നിന്നും ഏജന്റുമാരിൽ നിന്നും തട്ടിയെടുക്കാനുള്ള ശ്രമമാണ് മാനേജ്മെൻറ് നടത്തുന്നതെന്നും സമരാനുകൂലികൾ പറയുന്നു. നിലവിൽ ഒരു ലോഡിന് 1500 ഓളം രൂപ ഉയർത്തിയിട്ടുണ്ട്. ക്രഷർ യൂണിറ്റുകളിലേക്ക് വാഹനങ്ങൾ കടത്തി വിടാതെ ഗതാഗതം തടസ്സപ്പെടുത്തി കൊണ്ടാണ് സംയുക്തസമരസമിതി അനിശ്ചിതകാല സമരം നടത്തുന്നത്. തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുന്ന രീതിയിൽ അനധികൃതമായി ഉയർത്തിയ വില കുറയ്ക്കണമെന്നും ജില്ലയിലെ ഏകീകൃത വില നിലവിൽ വരണമെന്നുമാണ് സംയുക്ത സമരസമിതി ആവശ്യപ്പെടുന്നത്.