ന്യൂസിലാൻഡ് കൂട്ടക്കൊല ദാരുണം: വലതുപക്ഷം ഇസ്‌ലാംഭീതി വളർത്തുന്നത് അവസാനിപ്പിക്കണം: കാന്തപുരം

കോഴിക്കോട്: ന്യൂസിലണ്ടിലെ ക്രൈസ്റ്റ് ചർച് നഗരത്തിലെ രണ്ടു മുസ്‌ലിം പള്ളികളിൽ ജുമുഅ നിസ്കാരത്തിനെത്തിയെ അൻപതോളം മുസ്‌ലിംകളെ ക്രൂരമായി മെഷീൻഗൻ ഉപയോഗിച്ച് കൂട്ടക്കൊലചെയ്‌ത സംഭവം അതിദാരുണവും അങ്ങേയറ്റം അപലപനീയവുമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. യൂറോപ്പിലെയും അമേരിക്കയിലെയും ആസ്‌ത്രേലിയയിലെയും ചില രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും പൗരന്മാരിൽ ആസൂത്രിതമായി അടിച്ചേൽപ്പിക്കുന്ന ഇസ്‌ലാം വിരോധത്തിന്റെയും വലതുപക്ഷ തീവ്രതയുടെയും ഉൽപന്നങ്ങളായ യുവാക്കളാണ് ഇത്തരം പൈശാചികതക്കു നേതൃത്വം നൽകുന്നത്. എല്ലാ മത വിശ്വാസങ്ങളെയും സഹിഷ്ണുതയോടെ കാണാനും ഇടപെടാനും കഴിയുന്നവരാകണം വളരെ മുന്നോട്ടുകുതിച്ചു എന്ന് നാം അഭിമാനം പറയുന്ന നാം ജീവിക്കുന്ന കാലത്തെ വിവിധ പ്രത്യയശാസ്ത്രങ്ങൾ. സമാധാനത്തോടെ ദൈവികസ്മരണ നടത്താൻ എത്തിയ പള്ളികളിലെ വിശ്വാസികൾക്ക് നേരെ നടത്തിയ ഈ ആക്രമണം ഇസ്ലാമോഫോബിയ രാഷ്ട്രീയ വളർച്ചക്കും, പ്രചാരണങ്ങൾക്കും ഉപയോഗിക്കുന്നവരുടെ കണ്ണുതുറപ്പിക്കണം. ന്യൂസിലാൻഡ് ഗവണ്മെന്റ് ഈ വിഷയത്തിൽ അടിയന്തരമായ അന്വേഷണം നടത്തണം . മുഴുവൻ കൊലപതകികളെയും ആസൂത്രകരെയും അവർക്കു ആശയപരമായി ഉത്തേജനം നൽകിയ പ്രത്യയശാസ്ത്രപ്രചാരകരെയും കണ്ടെത്തി കടുത്ത ശിക്ഷ നൽകണം. ന്യൂനപക്ഷമായ ന്യൂസിലൻഡിലെ മുസ്‌ലിംകളുടെ ആശങ്കയകറ്റാൻ ഐക്യരാഷ്ട്രസഭ ഇടപെടണം. .ഇന്ത്യൻ മുസ്ലിം സമൂഹം ന്യൂസിലാൻഡ് മുസ്‌ലിംകളുടെ അഗാധമായ വേദനയിൽ പങ്കുചേരുന്നു: കാന്തപുരം പറഞ്ഞു.