
മാറനല്ലൂർ: റോഡ് വികസനത്തിനെന്ന പേരില്‍ റോഡ് വക്കിലുള്ള കിടപ്പാടം ഉള്‍പ്പെടെ മൂന്നര സെന്റ് ഭൂമി ഏറ്റെടുത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റോഡും വികസിച്ചില്ല.
ആകെയുള്ള കിടപ്പാടവും നിര്‍ധന കുടുംബത്തിനു നഷ്ടമാകുകയും ചെയ്തു. മാറനല്ലൂര്‍, കൊറ്റമ്പള്ളി, ചാനല്‍ക്കര വീട്ടില്‍ റെജിയും രോഗിയായ ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമാണ് സര്‍ക്കാരിന്റെ പാഴ്വാക്കിനു മുന്നില്‍ പകച്ചുനില്‍ക്കുന്നത്. മാറനല്ലൂര്‍ പോലീസ് സ്റ്റേഷനു മുന്നിലൂടെ കൊറ്റംപള്ളിയിലേക്കുള്ള റോഡ് രണ്ട് വര്‍ഷം മുന്‍പാണ് പ്രധാനമന്ത്രി സഡക് യോജനയില്‍ ഉള്‍പ്പെടുത്തി നവീകരിക്കാന്‍ നടപടിയായത്. എട്ട് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിച്ച് കീഴാറൂര്‍ – തൂങ്ങാംപാറ പൊതുമരാമത്ത് റോഡുമായി ബന്ധിപ്പിക്കാനായിരുന്നു തീരുമാനം. ഇതിലേക്ക് വസ്തു ഏറ്റെടുക്കവെ റെജിയുടെ വീടും ഇടിച്ചുമാറ്റി. സര്‍ക്കാരിന്റെ മണ്ണും വീടും പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിച്ചുനല്‍കാമെന്ന വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും ആ പദ്ധതി തന്നെ ഇല്ലാതായി. ഇതിനിടെ അധികൃതര്‍ റോഡിന്റെ ഘടന തന്നെ മാറ്റിമറിച്ചു. എട്ട് മീറ്ററിന്റെ സ്ഥാനത്ത് റോഡിന്റെ വീതി നാലു മീറ്ററായി ചുരക്കി. പൊതുമരാമത്ത് റോഡിനു പകരം പഞ്ചായത്ത് റോഡുമായി ബന്ധിപ്പിക്കാന്‍ തീരുമാനം. പഞ്ചായത്തംഗം ഉള്‍പ്പടെയുള്ളവരുടെ ഈ നിലപാട് മാറ്റത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാര്‍. തീരുമാനം ഇതായിരുന്നെങ്കില്‍ റെജിയുടെ വീട് എന്തിനു പൊളിച്ചുനീക്കിയെന്നതാണ് അവരുടെ ചോദ്യം.
എട്ടു മീറ്റര്‍ വീതിയില്‍ റോഡ് കടന്നു പോയാല്‍ ഭരണസ്വാധീനമുള്ള ചിലരുടെ വീടും വസ്തുവും ഏറ്റെടുക്കേണ്ടി വരും. ഇതാണ് റോഡിന്റെ ഗതിയും ഘടനയും മാറാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ആരോപണങ്ങളും ആക്ഷേപങ്ങളുമായി രംഗം കൊഴുക്കുന്നുണ്ടെങ്കിലും റെജിയുടെ കിടപ്പാടം പൊളിച്ചുകളഞ്ഞവര്‍ മാത്രം ഒന്നും മിണ്ടാതെ ഫയലുകളില്‍ മുഖം പൂഴ്ത്തിയിരിപ്പാണ്.