സ്ത്രീധന തർക്കം : അടിയേറ്റ വൃദ്ധ മരിച്ചത് ഹൃദയാഘാതം മൂലമെന്ന്…

സ്ത്രീധന തർക്കത്തിനിടെ ഉണ്ടായ അടിപിടിയിൽ പെരുങ്കടവിള ആങ്കോട് റോഡരികത്ത് വീട്ടിൽ മാധവിഅമ്മ (80) മരിച്ചതിന് കാരണം ഹൃദയാഘാതമാണെന്ന് മാരായമുട്ടം പൊലീസ്. മകൾ മിനിയുടെ ഭർത്താവ് അജിത്കുമാർ കഴിഞ്ഞ 15 ന് ടോർച്ചുകൊണ്ട് മാരകമായി മർദ്ദിച്ചതായി നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ മാധവിയമ്മ ഡോക്ടറോട് പറഞ്ഞിരുന്നു. കടയ്ക്കാവൂരിലെ ദേവസ്വംബോർഡിന്റെ കീഴിലുള്ള സ്‌കൂളിൽ ആയയായി ജോലിനോക്കുന്ന മകൾ മിനിക്കൊപ്പമാണ് 14 കൊല്ലമായി മാധവിയമ്മയുടെ താമസം. വിവാഹ സമയത്ത് സ്ത്രീധനമൊന്നും ആവശ്യപ്പെടാതിരുന്ന അജിത്കുമാർ പെരുങ്കടവിള ആങ്കോടിൽ മാധവിയമ്മയുടെ പേരിലുളള 4 സെന്റ് പുരയിടവും വീടും വിറ്റ് പണം നൽകണമെന്ന് ആവശ്യപ്പെട്ട് മിനിയെയും അമ്മയെയും പീഡിപ്പിച്ചിരുന്നുവത്രേ.മാധവിയമ്മയുടെ താടിക്കും കൈയ്ക്കും കാലിനും പരിക്കുണ്ട്. നരുവാമൂട് സി. ഐ യുടെ നേതൃത്വത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ . മിനിയുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.നെയ്യാറ്റിൻകര ജനറൽ ആശുപത്രിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദയാഘാതമെന്ന് പറയുന്നതായി പൊലീസ് പറയുന്നു.അജിത്കുമാർ ഒളിവിലാണ്.