ഒറ്റൂർ 13ആം-വാർഡിൽ അംഗൻവാടി മന്ദിരം യാഥാർത്ഥ്യമായി

ഒറ്റൂർ : ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ അംഗൻവാടി മന്ദിരം എന്ന സ്വപ്നം യാഥാർത്ഥ്യമായി. ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് അംഗൻവാടി മന്ദിരം ഉദ്ഘാടനം ചെയ്തു. കാണവിളയിൽ രാജു അദ്ദേഹത്തിന്റെ മാതാവ് കുഞ്ഞു ലക്ഷ്മിയുടെയും പിതാവ് രഘുനാഥന്റെയും ഓർമക്കായി പഞ്ചായത്തിന് നൽകിയ 3സെന്റ്‌ ഭൂമിയിലാണ് അംഗൻവാടി കെട്ടിടം ഉയർന്നത്.

22വർഷമായി വാടകമുറിയിൽ ആണ് കുട്ടികൾ അക്ഷര മാലകൾ കോർക്കുന്നത്.
മെമ്പർ അജിത രാജാമണിയുടെ മേൽനോട്ടത്തിൽ പഞ്ചായത്ത് ഫണ്ടിൽ നിന്നും 12ലക്ഷം രൂപ ചിലവഴിച്ചാണ്‌ കെട്ടിട നിർമാണം പൂർത്തിയാക്കിയത്. ഉദ്‌ഘാടനം വൻ വിജയമാക്കിത്തീർക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്നു വാർഡ് മെമ്പർ അജിതരാജാമണി പറഞ്ഞു. പ്രദേശത്തെ കുഞ്ഞുങ്ങൾക്കു ഇനി അക്ഷര പൂക്കൾ കൊണ്ട് പുതു തലമുറയെ പടുത്തുയർത്താം.

ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രഹാന നസീർ, ജി. രതീഷ്, രാജീവ്, അജി, സന്തോഷ്‌, സുനിത കുമാരി, അനിൽ കുമാർ
തുടങ്ങിയവർ പങ്കെടുത്തു.