‘നിരോധന ബോർഡ്‌ അവിടെ ഇരിക്കും കച്ചവടം പൊടിപൊടിക്കും’ പാലച്ചിറ ജംഗ്ഷനിൽ അനധികൃത വഴിയോര മത്സ്യച്ചന്ത തുടരുന്നു

ചെറുന്നിയൂർ: പാലച്ചിറ ജംഗ്ഷനിൽ വാഹന ഗതാഗതവും കാൽനടയും തടസ്സപ്പെടുത്തുന്ന അനധികൃത വഴിയോര മത്സ്യച്ചന്ത പൊലീസ് സഹായത്തോടെ ഒഴിപ്പിച്ച് നിരോധന മുന്നറിയിപ്പു ബോർഡ് നാട്ടിയിട്ടും കച്ചവടത്തിന് കുറവില്ല. രാത്രിയിലും തുടരുന്ന വഴിവാണിഭം തടയാൻ കഴിയാത്ത നിലയിലാണ് പ‍ഞ്ചായത്ത് അധികൃതരും. തിരക്കേറിയ പാലച്ചിറ ജംഗ്ഷനിൽ നിന്നു ശിവഗിരി എസ്എൻ കോളജിലേക്കുള്ള റോഡിലാണ് ചന്ത പ്രവർത്തിച്ചു വന്നത്.

മത്സ്യം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങളുടെ പാർക്കിങ് ബാഹുല്യത്തിൽ നാലു റോഡുകൾ സംഗമിക്കുന്ന ജംഗ്ഷൻ ഗതാഗതക്കുരുക്കിലാകുന്നു. അടുത്തകാലത്തായി അപകടങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചതായി നാട്ടുകാർ പറഞ്ഞു. അമ്പതു മീറ്റർ ചുറ്റളവിൽ ഒരു അനധികൃത കച്ചവടവും അനുവദിക്കില്ലെന്ന പ‍ഞ്ചായത്ത് ബോർഡിന് മുന്നിൽ തന്നെയാണ് കച്ചവടം പൊടിപൊടിക്കുന്നത്. അനധികൃത വാണിഭത്തിനെതിരെ കർശന നടപടി വേണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാണ്. വ്യാപാര സംഘടനകളും ഇതേ ആവശ്യം ഉയർത്തുന്നുണ്ട്.