‘തന്നേ തീരു, തന്നേ തീരു, കുടിവെള്ളം തന്നേ തീരു’:പഴയകുന്നുമ്മേൽ പഞ്ചായത്ത് ഓഫിസ് പടിക്കൽ ഉയർന്ന മുദ്രാവാക്യം

പഴയകുന്നുമ്മേൽ : കുടിവെള്ളം കിട്ടാക്കനിയായപ്പോൾ കുടങ്ങളുമായി വീട്ടമ്മമാർ പഞ്ചായത്ത് ഓഫിസ് പടിക്കൽ ധർണ നടത്തി. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ വട്ടപ്പാറ കോളനിയിലാണ് വെള്ളം ലഭ്യമല്ലാതായത്‌. ‘തന്നേ തീരു, തന്നേ തീരു, കുടിവെള്ളം തന്നേ തീരു’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ധർണ. പതിമൂന്നാം വാർഡിലെ വട്ടപ്പാറ കോളനിയിൽ 35 കുടുംബങ്ങളാണ് താമസിക്കുന്നത്. പ്രദേശം പാറക്കെട്ട് നിറഞ്ഞതായതിനാൽ കിണറുകൾ കുഴിക്കുവാൻ കഴിയുന്നില്ല. നിലവിലുള്ള കിണറുകളിൽ നിന്നും വെള്ളം ലഭിക്കുന്നുമില്ല.

ഒരു വർഷം മുൻപ് 4 ലക്ഷത്തോളം രൂപ ചെലവഴിച്ച് ചെറുകിട ജലവിതരണ പദ്ധതി നടപ്പിലാക്കിയെങ്കിലും ഉദ്ഘാടന ദിവസം മാത്രമാണ് വെള്ളം കിട്ടിയതെന്ന് കോളനി നിവാസികൾ പറയുന്നു.  കുഴൽ കിണർ കുഴിച്ച് ടാങ്കും 25 ടാപ്പുകളും സ്ഥാപിച്ചായിരുന്നു  പദ്ധതി തുടങ്ങിയത്.  ആദ്യ ദിവസം ഒരു കുടം മാത്രം വെള്ളം കിട്ടിയ പദ്ധതിയിൽനിന്നും  പിന്നീട് തുള്ളി വെള്ളം പോലും കിട്ടിയില്ല.
നാല് മാസമായി കുടിവെള്ളം കിട്ടാതെ കോളനി നിവാസികൾ ഏറെ ദുരിതത്തിലാണ്. ഒരു കിലോമീറ്ററോളം നടന്ന് ഇരട്ടച്ചിറയിൽ എത്തി പൊതു ടാപ്പിൽ നിന്നാണ്  വെള്ളം ശേഖരിക്കുന്നത്.  പഴയകുന്നുമ്മേൽ, കിളിമാനൂർ, മടവൂർ സമഗ്ര കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ കോളനിയുടെ സമീപത്തു കൂടി കടന്നു പോകുന്നതായും, അര കി.മീ.ദൂരം പൈപ്പ് സ്ഥാപിച്ചാൽ കോളനിയിൽ വെള്ളം എത്തിക്കുവാൻ  കഴിയുമെന്നും കോളനിക്കാർ പറയുന്നു. പദ്ധതി കമ്മീഷൻ ചെയ്ത വേളയിൽ താമസം കൂടാതെ വെള്ളം എത്തിക്കുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പു നൽകിയിരുന്നതായും വട്ടപ്പാറ നിവാസികൾ പറയുന്നു.