ജലദിനത്തിലും പൈപ്പ് പൊട്ടി ജലം പാഴായി

മാറനല്ലൂർ: ലോകജലദിനത്തിലും മാറനല്ലൂർ-പുന്നാവൂർ റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുകയായിരുന്നു. മാസത്തിൽ പത്തുപ്രാവശ്യമെങ്കിലും ഈ ഭാഗത്ത് പലയിടങ്ങളിലായി പൈപ്പ് പൊട്ടുന്നത് പതിവാണ്.

കൂടിവെള്ളക്ഷാമം രൂക്ഷമായ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും പൈപ്പിലൂടെ വെള്ളം ലഭിക്കുന്നത് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രമാണ്. പരാതി പറഞ്ഞാൽ അറ്റകുറ്റപ്പണി നടക്കുന്നെന്ന മറുപടി മാത്രമെന്നാണ് അധികൃതരുടെ വിശദീകരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മാറനല്ലൂർ-പുന്നാവൂർ റോഡിൽ അഞ്ഞൂറുമീറ്ററോളം സ്ഥാപിച്ചിട്ടുള്ള മൺപൈപ്പുകൾ മാറ്റി സ്ഥാപിച്ചാൽമാത്രമേ ഇവിടങ്ങളിലുണ്ടാകുന്ന പൈപ്പ് പൊട്ടലിന് പരിഹാരമാകൂ. എന്നാൽ പൈപ്പ് മാറ്റി സ്ഥാപിക്കാൻ അധികൃതർ തയ്യാറാകുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി.

പൈപ്പ് സ്ഥിരമായി പൊട്ടുന്നതുകാരണം മാറനല്ലൂർ കവലയ്ക്കുസമീപമുള്ള മലവിളയിലെ കോളനി നിവാസികളാണ് ദുരിതമനുഭവിക്കുന്നത്. കുന്നിൻ മുകളിൽ താമസിക്കുന്ന കോളനി നിവാസികൾക്ക് സമീപത്തെ ആരോഗ്യകേന്ദ്രത്തിലെ കിണറിൽനിന്ന് വെള്ളം കോരിചുമക്കേണ്ടിവരുന്നു.

കോടന്നൂരിൽ പ്രവർത്തിക്കുന്ന പാറമടയിൽനിന്ന് ദിവസേന അമിതഭാരം കയറ്റിവരുന്ന നാന്നൂറിൽപരം ടിപ്പർ ലോറികളാണ് മാറനല്ലൂർ-അരുവിക്കര റോഡുവഴി കടന്നുപോകുന്നത്. പലപ്പോഴും അമിതഭാരം കയറ്റിവരുന്ന ലോറികളുടെ പാർക്കിങ്ങും പൈപ്പ് പൊട്ടലിന് കാരണമാകുന്നു. നവീകരിച്ച റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് മാറ്റി സ്ഥാപിക്കാൻ പൊതുമരാമത്ത്് വകുപ്പിന് വലിയൊരു തുക കെട്ടിവെക്കേണ്ടിവരുന്നുണ്ട്.