പൂവൻപാറ പാലത്തിലെ നടപ്പാത അപടക്കെണി, അധികൃതർ മൗനത്തിലെന്ന് ആക്ഷേപം

ആറ്റിങ്ങൽ : ദേശീയപാതയിൽ പൂവൻപാറ പാലത്തിലെ നടപ്പാതയിൽ പൊട്ടി താഴേക്ക് നീങ്ങിയ സ്ലാബുകൾ അപകടകെണിയാകുന്നു. ആറ്റിങ്ങലിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് പോകുമ്പോൾ പാലത്തിൻറെ ഇടതുഭാഗത്തുള്ള നടപ്പാതയിൽ നാലോളം സ്ലാബുകളാണ് ഇടിഞ്ഞു താഴ്ന്നിട്ടുള്ളത്. മാസങ്ങളായി ഈ ദുരവസ്ഥ തുടരുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് കാൽനടയാത്രക്കാർ റോഡിലേക്ക് ഇറങ്ങി നടക്കുന്നതും വാഹനാപകടങ്ങൾക്കു വഴിയൊരുക്കും. ഇടിഞ്ഞു താഴ്ന്ന സ്ലാബിലൂടെ നടന്നാൽ സ്ലാബ് പൊട്ടി ആറ്റിൽ വീഴുമോ എന്ന ഭീതിയും ജനങ്ങൾക്കുണ്ട്.

പൂവൻപാറ പാലത്തിനു സമീപം റോഡരികിൽ സ്ഥാപിക്കുന്ന വേലിക്കെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. വേലി കെട്ടാനും വേലിക്ക് പെയിൻറ് അടിക്കാനും മെനക്കെടുന്ന അധികാരികൾ കാൽനടയാത്രക്കാർക്ക് വേണ്ട അടിസ്ഥാന സുരക്ഷപോലും നൽകാതെ പാലത്തിലെ നടപ്പാത തകർന്നത് അതേപടി ഇട്ടിരിക്കുന്നു എന്ന് ജനങ്ങൾ പറയുന്നു. അടിയന്തിരമായി നടപ്പാത നന്നാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.