അജ്ഞാത ജീവിയുടെ ആക്രമണം, ആടുകൾക്ക് ദാരുണ അന്ത്യം !

പോത്തൻകോട്: പോത്തൻകോട് പ്രദേശത്ത് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. പൂർണ ഗർഭിണിയായതടക്കം ഒരു വീട്ടിലെ നാല് ആടുകളിൽ മൂന്നിനെയും അജ്ഞാതജീവി കടിച്ചു കൊന്നു. ഗുരുതരമായി മുറിവേറ്റ ഒരാട് ചികിത്സയിലാണ്. പോത്തൻകോട് കല്ലൂർ ഫാത്തിമ കോട്ടേജിൽ ഷാജഹാന്റെ മൂന്ന് ആടുകളെയാണ് അജ്ഞാത ജീവി കടിച്ചുകൊന്നത്.

പ്രദേശത്ത് കഴിഞ്ഞ നാലുമാസത്തിനിടയിൽ കൊച്ചുകാലവീട്ടിൽ നസീർ, ഖബറടി വീട്ടിൽ ജലീൽ, നെല്ലിക്കുന്നത്ത് വീട്ടിൽ ഹാഷിം എന്നിവരുടെ വീടുകളിൽ കൂടുകളിൽ അടച്ചിട്ടിരുന്ന കോഴികളെ കടിച്ചുകൊന്ന സംഭവത്തിന് പിന്നാലെയാണിത്.

നായ്‌ക്കളോ മറ്റും കടന്നുവരാത്തവിധം ചുറ്റും ഉയർന്ന മതിൽക്കെട്ടുള്ള വീടിനോടു ചേർന്ന കൂട്ടിലാണ് മതിൽ ചാടിയെത്തിയ അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായത്. വെളുപ്പിന് ഉടമസ്ഥർ ഉണർന്ന് നോക്കുമ്പോഴാണ് മൂന്ന് ആടുകൾ ചത്തുകിടക്കുന്നതു കണ്ടത്. അജ്ഞാത ജീവിയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന ആട്,​ ചത്തുപോയ നാലുമാസം പ്രായമുള്ള രണ്ട് ആടുകളുടെ തള്ളയാണ്. കല്ലൂർ ഗവ. മൃഗാശുപത്രിയിൽ നിന്ന് ഡോ. പ്രീതി എഡ്‌വിൻ, പാലോട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ നിന്ന് സെക്ഷൻ ഫോറസ്റ്റർ ബാലചന്ദ്രൻ,​ ബീറ്റ് ഫോറസ്റ്റർമാരായ രാകേഷ്, അനു, ട്രൈബൽ വാച്ചർ രവീന്ദ്രൻ കാണി എന്നിവരെത്തി പരിശോധന നടത്തി. അജ്ഞാത ജീവിയുടെ കാൽപ്പാടുകൾ പരിശോധിച്ചതിൽ കാട്ടുപൂച്ച ആകാമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. ജനങ്ങളോട് നിരീക്ഷിക്കാൻ ആവശ്യപ്പെട്ട സംഘം, ജീവിയെ തിരിച്ചറിഞ്ഞാൽ വനം വകുപ്പിന്റെ റാപ്പിഡ് റസ്പോൺസ് ടീമിനെ ഉപയോഗിച്ച് കെണിവച്ച് പിടിക്കാമെന്നും അറിയിച്ചു. ആടുകളുടെ പോസ്റ്റുമോർട്ടവും നടത്തി. ചത്ത ആടുകളുടെ വയറ്റിൽ കടിയേറ്റ മുറിവിന് പുറമേ​ ആന്തരിക രക്തസ്രാവവും ഉണ്ടായി. ഇതാണ് മരണകാരണമെന്ന് ഡോക്ടർ പറഞ്ഞു.