ഫാമിൽ കയറി ആയിരത്തോളം കോഴികളെ കടിച്ചുകൊന്നു

കിളിമാനൂർ: ഫാമിൽ കയറിയ തെരുവുനായകൾ ആയിരത്തിൽപ്പരം ഇറച്ചിക്കോഴികളെ കടിച്ചുകൊന്നു. ഒന്നേകാൽ ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. അടയമൺ വയ്യാറ്റിൻകര വയലിൽ വീട്ടിൽ സജിയുടെ ഫാമിലാണ‌് നായ‌കളുടെ ആക്രമണം. കഴിഞ്ഞ രാത്രി  ഫാമിലെ ഇരുമ്പഴി കടിച്ചുമുറിച്ച് അകത്ത് കടന്ന  നായകൾ  കോഴികളെ കടിച്ചുകൊല്ലുകയായിരുന്നു. വീടിനു സമീപമാണ് ഫാം പ്രവർത്തിക്കുന്നത്. 24 ദിവസം പ്രായമായ കോഴികളെയാണ്  കൊന്നത്. പ്രവാസിയായ സജി  നാട്ടിലെത്തി സ്വയം തൊഴിൽ എന്ന നിലയിലാണ്  കോഴി വളർത്തൽ ആരംഭിച്ചത്. ധന സ്ഥാപനത്തിൽ നിന്നടക്കം വായ്പ എടുത്താണ് സംരംഭം തുടങ്ങിയത്. നായ ശല്യം കാരണം സംരംഭം നടത്താനാകാത്ത സ്ഥിതിയാണെന്ന് ഉടമ പറഞ്ഞു.  തെരുവുനായ റോഡിന് കുറുകെ ചാടി ബൈക്ക് യാത്രക്കാർ അപകടത്തിൽ പെടുന്നതും ഇവിടെ പതിവാണ്.