നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്ക ഗാന്ധി

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയുടെ ആദ്യ തെരഞ്ഞെടുപ്പ്‌ പ്രചാരണ യോഗം. തൊഴിലില്ലായ്‌മ, കള്ളപ്പണം, സ്‌ത്രീസുരക്ഷ എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു മോദിക്കെതിരായ പ്രിയങ്കയുടെ ആക്രമണം. വോട്ടവകാശം ജനങ്ങളുടെ ആയുധമാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

ഗുജറാത്തില്‍ ജനസങ്കല്‍പ്‌ യാത്രയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ‘വോട്ട്‌ നിങ്ങളുടെ ആയുധമാണ്‌. അതില്‍ തെറ്റിദ്ധാരണ വേണ്ട. ആ ആയുധം ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയുള്ളതല്ല, പക്ഷേ അത്‌ നിങ്ങളെ ശക്തരാക്കുന്നതാണ്‌.’ പ്രിയങ്ക പറഞ്ഞു. രാജ്യത്തെ ഭരണസംവിധാനങ്ങള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന്‌ സ്വാതന്ത്ര്യസമരത്തോളം തന്നെ പ്രാധാന്യത്തോടെ കാണണമെന്നും അവര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സ്വന്തം പങ്ക്‌ എന്താണ്‌ എന്ന്‌ ഓരോരുത്തരും മനസ്സിലാക്കണം. ജനങ്ങള്‍ അവരുടെ ഭാവിയാണ്‌ ഇതിലൂടെ തീരുമാനിക്കാന്‍ പോകുന്നത്‌. തെരഞ്ഞെടുപ്പ്‌ സമയത്തെ പ്രധാന ചര്‍ച്ചാവിഷയം പുരോഗതിയുമായി ബന്ധപ്പെട്ടതാവണം. ആരാണ്‌ കര്‍ഷകര്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ പോകുന്നത്‌, ആരാണ്‌ സ്‌ത്രീസുരക്ഷയ്‌ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ പോകുന്നത്‌ എന്നതൊക്കെയാകണം തെരഞ്ഞെടുപ്പ്‌ വിഷയങ്ങളെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.