ഇവിടെ ആശങ്ക മാത്രം, ‘ശങ്ക’ മാറ്റാൻ നിവർത്തിയില്ല!

പഴയകുന്നുമ്മേൽ : കിളിമാനൂരിൽ എത്തുന്നവർക്ക് ‘ശങ്ക’ തോന്നിയാൽ വീട്ടിലേക്ക് തിരിച്ചു പോകേണ്ടി വരും. പ്രവർത്തന യോഗ്യമല്ലാതിരുന്നിട്ടും അത്യാവശ്യം കാര്യം സാധിക്കാമായിരുന്ന പഴയ പബ്ലിക് കംഫർട്ട് സ്റ്റേഷന് താഴിട്ടതോടെയാണ് കിളിമാനൂരിൽ എത്തുന്ന യാത്രക്കാരും മറ്റും ബുദ്ധിമുട്ടിലായത്.  പഴയകുന്നുമേൽ പഞ്ചായത്തിന്റെ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന കംഫർട്ട് സ്റ്റേഷൻ അവിടെ പഞ്ചായത്ത് ഷോപ്പിംഗ്‌മാൾ പണിയാൻ ഉദ്ദേശിച്ച് പ്രവർത്തനം നിർത്തി വച്ചിരുന്നു. എന്നിരുന്നാലും സംസ്ഥാന പാതയോട് ചേർന്നുള്ള ഇവിടെ അത്യാവശ്യ കാര്യ സാധ്യത്തിന് വേണ്ടി ഉപയോഗിച്ചിരുന്നു. അതും നിലവിൽ ഗേറ്റിട്ട് പൂട്ടിയതോടെ ജനങ്ങൾ വലയുകയാണ്. നിലവിൽ പഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഒരു കംഫർട്ട് സ്റ്റേഷൻ ഉണ്ടങ്കിലും, ജംഗ്ഷനിൽ നിന്നും, സംസ്ഥാന പാതയിൽ നിന്നും ഒരു പാട് ദൂരെയാണ് ഇത്. മൂവായിരത്തോളം കുട്ടികൾ പടിക്കുന്ന ഹൈസ്കൂളുകളും, നൂറുകണക്കിന് കച്ചവടക്കാരും, മാർക്കറ്റിൽ എത്തുന്നവരും വിദൂര സ്ഥലങ്ങളിൽ നിന്ന് വന്നിറങ്ങുന്നതുമായ കിളിമാനൂരിൽ അത്യാധുനിക രീതിയിലുള്ള പബ്ലിക് കംഫർട്ട് സ്റ്റേഷൻ വേണമെന്നത് നീണ്ട കാലത്തെ ആവശ്യമാണ്.