കളഞ്ഞുകിട്ടിയ പേഴ്സും പണവും തിരികെ നൽകി കണ്ടക്ടർ മാതൃകയായി

നെടുമങ്ങാട്: രാത്രി ബസ് യാത്രക്കിടയിൽ നഷ്ടപ്പെട്ട 28,000 രൂപയും, രേഖകളുമടങ്ങിയ പഴ്സ് യാത്രക്കാരനായ ഉടമയെ കണ്ടെത്തി തിരികെ നൽകിയ കണ്ടക്ടറുടെ സത്യസന്ധതയ്ക്ക് അഭിനന്ദനം.   എറണാകുളത്തു നിന്നും തിങ്കളാഴ്ച്ച രാത്രി നെടുമങ്ങാട്ടേയക്ക് വന്ന കെഎസ്ആർടിസി ബസിലെ ഒരു സീറ്റിൽ നിന്നുമാണ് പഴ്സ് കണ്ടക്ടർക്ക് ലഭിച്ചത്. പേഴ്സിലുണ്ടായിരുന്ന തിരിച്ചറിയൽ കാർഡിലെ വിലാസവും, നമ്പരും നോക്കി യാത്രക്കാരനായ ഉടമയെ രാത്രി തന്നെ കണ്ടക്ടർ നെടുമങ്ങാട് അഴീക്കോട് സ്വദേശി എം.എസ്.റിയാസ് ഫോണിൽ വിളിച്ചറിയിച്ചു.
താൻ നാളെ ബസ് സ്റ്റേഷനിലെത്തി പഴ്സ് വാങ്ങിക്കൊള്ളാമെന്ന് മറുപടിയായിരുന്നു യാത്രക്കാരനായ വെഞ്ഞാറമൂട് ആലിയാട് വെള്ളാണിക്കൽ അഷ്ടമിയിൽ കെ.സി.ബാബുവിൽ നിന്നും ലഭിച്ചത്.  കാരേറ്റ് നിന്ന് രാത്രി 10 മണിയോടെ കയറിയ ബാബു വെഞ്ഞാറമൂട്ടിലാണ് ഇറങ്ങിയത്.  പിന്നീടാണ് സീറ്റിൽ ഒരു പഴ്സ് കിടക്കുന്നത് കണ്ടക്ടർ റിയാസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ചൊവ്വാഴ്ച്ച നെടുമങ്ങാട് ബസ് സ്റ്റേഷനിലെത്തിയ ബാബുവിന് ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ ബി.എസ്.ശശിധരൻ പിള്ളയുടേയും എറണാകുളം ബസിലെ ഡ്രൈവർ ഇ.ഷാജിയുടേയും സാന്നിദ്ധ്യത്തിൽ കണ്ടക്ടർ റിയാസ് പഴ്സും, പണവും, രേഖകളും തിരികെ നൽകുകയായിരുന്നു.