ആർ.ജെ രാജേഷ് കൊലക്കേസ് : ഫോറന്‍സിക്‌ ഡയറക്‌ടര്‍ നേരിട്ട്‌ ഹാജരാകാന്‍ ഉത്തരവ്

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ്‌ കൊലക്കേസിലെ നിര്‍ണ്ണായകമായ 73 തൊണ്ടിമുതലുകളുടെ ഫോറന്‍സിക്‌ പരിശോധന റിപ്പോര്‍ട്ട്‌ ഹാജരാക്കാത്തതിന്‌ റിപ്പോര്‍ട്ട്‌ സഹിതം ഫോറന്‍സിക്‌ ഡയറക്‌ടര്‍ നേരിട്ട്‌ ഹാജരാകാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ്‌ ജഡ്‌ജി കെ.ബാബു ഉത്തരവിട്ടു.
പരിശോധന ഫലങ്ങളടങ്ങിയ റിപ്പോര്‍ട്ട്‌ ഹാജരാക്കാന്‍ 2018 ആഗസ്‌റ്റ് 21 മുതല്‍ 8 തവണ കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാക്കാത്തതിനാലാണ്‌ തിരുവനന്തപുരം പോലീസ്‌ ആസ്‌ഥാനത്തുള്ള ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറി ഡയറക്‌ടറെ കോടതിയില്‍ വിളിച്ചു വരുത്തുന്നത്‌.
2018 ആഗസ്‌റ്റ് 21 , സെപ്‌റ്റംബര്‍ 5 , സെപ്‌റ്റംബര്‍ 26 , ഒകേ്‌ടാബര്‍ 25 , ഡിസംബര്‍ 5 , 2019 ജനുവരി 4 , ഫെബ്രുവരി 6 , ഫെബ്രുവരി 27 എന്നീ തീയതികളിയായി 8 തവണ ഉത്തരവിട്ടിട്ടും കോടതി ഉത്തരവി നോട്‌ അലംഭാവം കാട്ടിയതിന്‌ ഡയറക്‌ടറെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. 8 തവണകള്‍ക്കിടയില്‍ ഒരിക്കല്‍ പോലും ഡയറക്‌ടര്‍ ഉത്തരവ്‌ പാലിക്കാത്തതിനെയും റിപ്പോര്‍ട്ട്‌ ഹാജരാക്കാന്‍ സമയം തേടി അപേക്ഷ പോലും സമര്‍പ്പിക്കാത്തതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ ജയിലില്‍ കഴിയുന്ന കസ്‌റ്റഡി പ്രതികളുടെ വിചാരണ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന്‌ സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും സര്‍ക്കുലര്‍ നിലവിലുള്ളതായും കോടതി നിരീക്ഷിച്ചു.
ഡയറക്‌ടറുടെ നിഷ്‌ക്രിയത്വവും നിരുത്തരവാദിത്ത്വവും ജുഡീഷ്യല്‍ നടപടിയെയും നീതിന്യായ നിര്‍വ്വഹണത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഡയറക്‌ടറുടെ അലംഭാവം കോടതി അലക്ഷ്യക്കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു. ഫോറന്‍സിക്‌ ഡയക്‌ടര്‍ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുകയാണ്‌. വിചാരണക്കായി കെട്ടിക്കിടക്കുന്ന മറ്റു കേസുകളെ പോലും ഇത്‌ ബാധിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. വിചാരണക്കായി ജയിലില്‍ നിന്നും പ്ര?ഡക്ഷന്‍ വാറണ്ട്‌ പ്രകാരം കോടതിയില്‍ ഹാജരാക്കിയ 3 പ്രധാന പ്രതികളായ അപ്പുണ്ണി , തന്‍സീര്‍ , സ്‌ഫടികം സന്തോഷ്‌ എന്നിവരെ ജയിലിലേക്ക്‌ തിരിച്ചയച്ചു. മാര്‍ച്ച്‌ 23 ന്‌ 3 പ്രതികളെയും ഹാജരാക്കാനും റിമാന്റ്‌ വാറണ്ടുത്തരവിലൂടെ കോടതി ജയില്‍ സൂപ്രണ്ടിന്‌ നിര്‍ദേശം നല്‍കി.
3 പ്രതികള്‍ കോടതിയില്‍ ഹാജരാകുകയും 6 പ്രതികള്‍ക്ക്‌ വേണ്ടി അവധി അപേക്ഷയും കോടതി മുമ്പാകെ സമര്‍പ്പിച്ചു. കൊല്ലപ്പെട്ട രാജേഷിന്റെ വസ്‌ത്രങ്ങള്‍, പ്രതികള്‍ കൃത്യത്തി സപയോഗിച്ച വാള്‍, വെട്ടുകത്തി , പ്രതികള്‍ കൃത്യ സമയം ധരിച്ച വസ്‌ത്രങ്ങള്‍, വാടക കാറില്‍ നിന്നും ശേഖരിച്ച തെളിവുകള്‍, കൊല നടന്ന സ്‌റ്റുഡിയോയില്‍ നിന്നും
ശേഖരിച്ച തെളിവുകള്‍ , രക്‌തക്കറ എന്നിവയുടെ ഫോറന്‍സിക്‌ പരിശോധന റിപ്പോര്‍ട്ടാണ്‌ ഹാജരാക്കേണ്ടത്‌.
പ്രതികള്‍ക്കെതിരെ കേസില്‍ കുറ്റം ചുമത്തുന്നതിനും വിചാരണ ചെയ്യുന്നതിനും ഇവ അത്യന്താപേക്ഷിതമാണ്‌. ശാസ്‌ത്രീയ തെളിവുകള്‍ കോടതിയില്‍ തെളിയിക്കപ്പെടുന്നത്‌ ഫോറന്‍സിക്‌ ലാബില്‍ നിന്നുള്ള സാക്ഷ്യപത്ര റിപ്പോര്‍ട്ടിലൂടെയാണ്‌.
കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്‌ 2018 ജൂലൈ 2നാണ്‌. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേട്ട്‌ കോടതി – 2 ലാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. 146 പേരടങ്ങുന്ന സാക്ഷിപ്പട്ടിക യോടൊപ്പം 73 തൊണ്ടി മുതലുകളും തൊണ്ടി ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു.
സാധാരണയായി കെമിക്കല്‍ ലബോറട്ടറി റിപ്പോര്‍ട്ട്‌ , ഫോറന്‍സിക്‌ പരിശോധനാ റിപ്പോര്‍ട്ട്‌ എന്നിവ ലാബില്‍ നിന്നും മജിസ്‌ട്രേട്ട്‌ കോടതിക്ക്‌ ലഭ്യമായതിന്‌ ശേഷമാണ്‌ കേസ്‌ സെഷന്‍സ്‌ കോടതിക്ക്‌ വിചാരണക്കായി കമ്മിറ്റ്‌ ചെയ്യാറുള്ളത്‌. എന്നാല്‍ ഫോറന്‍സിക്‌ പരിശോധനാ ഫലം മജിസ്‌ട്രേട്ട്‌ കോടതിയില്‍ ലഭ്യമാകും മുമ്പേ ജൂലൈ 31 ന്‌ മജിസ്‌ട്രേട്ട്‌ കേസ്‌ വിചാരണയ്‌ക്കായി സെഷന്‍സ്‌ കോടതിക്ക്‌ കമ്മിറ്റ്‌ ചെയ്‌ത് അയച്ചു. പ്രതികള്‍ക്ക്‌ മേല്‍ കുറ്റം ചുമത്തുന്നതിന്‌ മുന്നോടിയായുള്ള പ്രാരംഭവാദം നിരത്താന്‍ പ്രോസിക്യൂഷനോട്‌ ആവശ്യപ്പെട്ട വേളയിലാണ്‌ ഫോറന്‍സിക്‌ റിപ്പോര്‍ട്ടിന്റെ അഭാവം ജില്ലാ കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്‌.
2018 മാര്‍ച്ച്‌ 27 ന്‌ വെളുപ്പിന്‌ 1. 40 മണിക്കാണ്‌ മടവൂര്‍ മെട്രാസ്‌ റിക്കോര്‍ഡിംഗ്‌ സ്‌റ്റുഡിയോയില്‍ വാടകക്കൊലയാളികളായ പ്രതികള്‍ അതിക്രമിച്ച്‌ കയറി രജേഷിനെ മാരകായുധങ്ങള്‍ കൊണ്ട്‌ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്‌. രാജേഷിനൊപ്പം സ്‌റ്റുഡിയോയിലുണ്ടായിരുന്ന വെള്ളല്ലൂര്‍ സ്വദേശി കുട്ടനെയും അക്രമികള്‍ വെട്ടിയിരുന്നു. പതിനഞ്ചിലധികം മാരകമായ വെട്ടുകളേറ്റ രാജേഷ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടു പോകും വഴിയാണ്‌ മരിച്ചത്‌.