ഡ്രോൺ ക്യാമറകൾ ഉപയോഗിക്കാൻ രജിസ്‌ട്രേഷൻ നടത്തണമെന്ന് പോലീസ്

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നവർ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് രജിസ്‌ട്രേഷൻ നടത്തണമെന്ന് പോലീസ് നിർദേശം നൽകി. നഗരത്തിനുള്ളിൽ ഡ്രോൺ ക്യാമറകൾ പ്രവർത്തിപ്പിച്ച്‌ ചിത്രീകരണം നടത്തണമെങ്കിൽ രേഖാമൂലം സിറ്റി പോലീസിൽ നിന്നും അനുമതി വാങ്ങേണ്ടതുമാണെന്ന് സിറ്റി പോലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിൻ അറിയിച്ചു. കഴിഞ്ഞദിവസങ്ങളിൽ സിറ്റിയിലെ തന്ത്രപ്രധാന സ്ഥലങ്ങളിൽ രാത്രി ഡ്രോൺ ക്യാമറകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് സിറ്റി പോലീസ് നടപടി കർശനമാക്കിയത്.

നഗരത്തിലെ ഡ്രോൺ ക്യാമറകളുടെയും ഓപ്പറേറ്റർമാരുടെയും ലിസ്റ്റ് തയ്യാറാക്കി ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷന്റെ മാർഗ്ഗനിർദേശങ്ങൾ പാലിച്ചാണോ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്താൻ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദേശം നൽകി. നിർദേശം അനുസരിച്ചുള്ള നിബന്ധനകൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഡ്രോണുകൾ പിടിച്ചെടുക്കുന്നതും ഉടമയുടെയും ഓപ്പറേറ്റർമാരുടെയും പേരിൽ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതുമാണെന്ന്‌ സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.