ദുരിതം വിതയ്ക്കുന്ന റോഡുകൾ

മലയിന്‍കീഴ്‌ : റബറൈസ്‌ഡ്‌ ടാറിങ്ങും, വരകളും കുറികളും, സ്‌ഥലനാമ ബോര്‍ഡുകളും സ്‌ഥാപിച്ച്‌ ഉദ്‌ഘാടനവും ചെയ്‌തുവെങ്കിലും യാത്രക്കാരന്റെ ദുരിതത്തിന്‌ മാത്രം അറുതിയില്ല. പ്രാവച്ചമ്പലം, ഊരൂട്ടമ്പലം, മലയിന്‍കീഴ്‌ റോഡിനാണ്‌ ഈ ദുര്‍ഗതി.

നിലവിലുണ്ടായിരുന്ന റോഡ്‌ രണ്ട്‌ തട്ട്‌ ടാറിങ്‌ നടത്തിയപ്പോള്‍ ഏതാണ്ട്‌ അരയടിയോളം ഉയര്‍ന്നു.
ചിലയിടങ്ങളില്‍ അത്‌ ഒന്നരയടിയോളവുമായി. സാധാരണ ടാറിംഗ്‌ കഴിഞ്ഞാല്‍ വശങ്ങളില്‍ കോണ്‍ക്രീറ്റ്‌ ചെയ്യുന്നതാണ്‌ പുതിയ രീതി. ഫണ്ടില്ലങ്കില്‍ മണ്ണിട്ട്‌ നികത്തി ടാര്‍ നിരപ്പ്‌ ലെവല്‍ ചെയ്യും.
മലയിന്‍കീഴ്‌ മുതല്‍ വേലിക്കോട്‌ വരെയുള്ള 5 കിലോമീറ്റര്‍ ഭാഗത്ത്‌ മാത്രമായി അവിടെവിടെ കോണ്‍ക്രീറ്റ്‌ കുഴച്ചുവച്ചതൊഴികെ മറ്റ്‌ 10 കിലോമീറ്റര്‍ ദൂരവും സൈഡ്‌ ഫില്ലിംഗ്‌ നടത്തിയില്ല. ഇത്‌ കാരണം കാല്‍നട യാത്ര ദുസ്സഹമായതിനു പുറമെ, സൈഡ്‌ കൊടുക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു മറിഞ്ഞുവീഴുന്നതും പതിവായി.
കിലോമീറ്റര്‍ ഒരുകോടി രൂപയ്‌ക്കു കരാര്‍ നല്‍കിയ റോഡിന്റെ ദുരവസ്‌ഥയാണിത്‌.
പ്രതിഷേധവുമായി നാട്ടുകാര്‍ കരാറുകാരനെ സമീപിച്ചപ്പോള്‍ സൈഡ്‌ കോണ്‍ക്രീറ്റ്‌ ചെയ്യാന്‍ ഫണ്ട്‌ അനുവദിച്ചിട്ടില്ലന്നാണ്‌ മറുപടി. ഇത്‌ തന്നെയാണ്‌ ഉദ്യോഗസ്‌ഥരും പറയുന്നത്‌.