മടവൂരിൽ മെറ്റൽ നിരത്തിയ റോഡ് ടാർ ചെയ്യാൻ വൈകുന്നെന്ന് പരാതി

മടവൂർ : റോഡിൽ മെറ്റൽ നിരത്തിയിട്ട് ടാർ ചെയ്യുന്നില്ലെന്ന് പരാതി. മുപ്പതോളം കുടുംബങ്ങൾ തിങ്ങിപ്പാർകുന്ന മടവൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ സീമന്തപുരം നക്രാംകോണം പ്ലന്താനം കോളനിയിലേക്കുള്ള ഏക റോഡിലാണ് മെറ്റൽ നിരത്തിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ടാർ ചെയ്യാത്തത്. ഇതുമൂലം ദുരിതമനുഭവിക്കുകയാണ് കോളനിവാസികൾ. രോഗികളെ അശുപത്രിയിലെത്തിക്കാൻ കോളനിയിലേക്ക് സുഗമമായ റോഡില്ല. കോളനിക്കുള്ളിൽ നടവഴികൾ മാത്രമാണുള്ളത്. ഉള്ള റോഡ്‌ പൊട്ടി പൊളിഞ്ഞതോടെ ടാർ ചെയ്യാനായാണ് മെറ്റൽ നിരത്തിയത്. മെറ്റൽ നിരത്തിയതോടെ കാൽനടയാത്ര പോലും ദുഷ്കരമായി. രണ്ട് വർഷത്തിന് മുൻപും ടാർ ചെയ്യാനെന്ന വ്യാജേന മെറ്റൽ നിരത്തിയിട്ട് ടാർ ചെയ്യാതെ കോളനിവാസികളെ അധികൃതർ വട്ടം കറക്കി. അന്ന് നിരത്തിയ മെറ്റൽ വാഹനങ്ങൾ ഓടിയും മറ്റും ഒരു വിധം നിരപ്പായപ്പോൾ വീണ്ടും മെറ്റൽ കൊണ്ടിട്ട് കോളനി നിവാസികളെ തീരാദുരിതത്തിലാക്കിയിരിക്കുകയാണ്. റോഡ്‌ ഉടൻ ടാർ ചെയ്യണമെന്നാവശ്യം ഇവിടെ ശക്തമാണ്.