സ‌്കൂളുകൾ അടച്ചു; ജൂൺ മൂന്നിന‌് തുറക്കും

തിരുവനന്തപുരം: വാർഷിക പരീക്ഷകൾ പൂർത്തിയാക്കി പൊതുവിദ്യാലയങ്ങൾ വേനലവധിക്കായി വെള്ളിയാഴ‌്ച അടച്ചു. എസ‌്എസ‌്എൽസി പരീക്ഷ വ്യാഴാഴ‌്ച പൂർത്തിയായി. ഹയർ സെക്കൻഡറി പരീക്ഷകൾ ബുധനാഴ‌്ച തീർന്നിരുന്നു. മറ്റു ക്ലാസുകളിലെ പരീക്ഷകൾ വെള്ളിയാഴ‌്ച പൂർത്തിയാക്കിയാണ‌് രണ്ടുമാസത്തെ വേനലവധിക്കായി പൊതുവിദ്യാലയങ്ങൾ അടച്ചത‌്. മഹാപ്രളയത്തെ അതിജീവിച്ച അധ്യായനവർഷത്തിലും പൊതുവിദ്യാഭ്യാസമേഖല കൂടുതൽ ശക്തിപ്പെട്ടത്തിന്റെ ആഹ്ലാദത്തിലാണ‌് 32 ലക്ഷത്തിലേറെ സ‌്കൂൾ വിദ്യാർഥികൾ അവധിക്കാലത്തേക്ക‌് പ്രവേശിച്ചത‌്. അടുത്ത വർഷത്തേക്ക് ആവശ്യമായ ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള പുസ‌്തകം വിദ്യാർഥികൾക്ക‌് സ‌്കൂൾ പൂട്ടുംമുമ്പ‌് ഇക്കുറി ലഭ്യമാക്കി. അടുത്ത വർഷം 200 അധ്യായന ദിനങ്ങൾ ഉറപ്പാക്കുന്നതും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളെല്ലാം സമയബന്ധിതമായി തീർക്കുന്നതുമായ 2019–-20 അധ്യാന വർഷത്തേക്കുള്ള വിദ്യാഭ്യാസ കലണ്ടറും സർക്കാർ പുറത്തിറക്കി. മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസ കലണ്ടർ അച്ചടിച്ച‌് നൽകാനും നേരത്തെ തീരുമാനിച്ചിട്ടുണ്ട‌്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ‌്ഞത്തിന്റെ കരുത്തിൽ മുന്നേറിയ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക‌് മൂന്ന‌് ലക്ഷത്തിലേറെ കുട്ടികൾ രണ്ടുവർഷത്തിനിടെ വിദ്യാലയങ്ങളിൽ കൂടുതലായെത്തി. അടുത്ത വർഷവും കൂടുതൽ കുട്ടികൾ എത്തുമെന്ന‌് ഉറപ്പായി. ഒന്നാംക്ലാസിലേക്ക‌് ഇതിനകം തന്നെ കാൽലക്ഷത്തിലേറെ കുട്ടികളെ രക്ഷിതാക്കൾ ഇഷ്ടവിദ്യാലയം തെരഞ്ഞെടുത്ത‌് ചേർത്തിട്ടുണ്ട‌്. ആധുനികവൽക്കരിക്കപ്പെടുന്ന പൊതുവിദ്യാഭ്യാസ മേഖലയുടെ നേട്ടം രക്ഷിതാക്കളെ ബോധ്യപ്പെടുത്താൻ അവധിക്കാലത്ത‌് അധ്യാപകർ അതത‌് പ്രദേശങ്ങളിൽ ഗൃഹ സന്ദർശനം നടത്തുന്നുണ്ട‌്.