പെണ്‍കുട്ടിയെ വാഹനത്തിൽ കയറ്റിയത് വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ്; ഇമാം കുറ്റം സമ്മതിച്ചതായി പൊലീസ്.

നെടുമങ്ങാട് : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ തൊളിക്കോട് ജമാ അത്ത് മുൻ ഇമാം ഷെഫീക്ക് ഖാസ്മി കുറ്റം സമ്മതിച്ചതായി പൊലീസ്. വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ഇമാം വാഹനത്തിൽ കയറ്റിയതെന്ന് പൊലീസ് പറയുന്നു. തൊഴിലുറപ്പ് സ്ത്രീകൾ വാഹനത്തിൽ കുട്ടിയെ കണ്ടെന്നും വാക്കുതർക്കമുണ്ടായെന്നും ഇമാം മൊഴി നല്‍കി.

ഇന്നലെ മധുരയിൽ നിന്നുമാണ് ഷെഫീക്ക് ഖാസ്മിയെയും സഹായി ഫാസിലിനെയും പിടികൂടിയത്. ഷെഫീക്ക് ഖാസ്മിയെ ഇന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സ്ഥലത്തുകൊണ്ടുപോയി തെളിവെടുത്തേക്കും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയാൽ ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കും എന്നാണ് സൂചന. കോയമ്പത്തൂർ, ഊട്ടി, വിജയവാഡ എന്നിവടങ്ങളിലാണ് ഇമാം ഫെഫീക്ക് ഖാസ്മി ഒളിവിൽ കഴിഞ്ഞിരുന്നത്. ഇമാമിന്‍റെ സഹോദരൻ പെരുമ്പാവൂർ സ്വദേശിയായ നൗഷാദാണ് എല്ലാ സഹായങ്ങളും ചെയ്തിരുന്നത്.  ഒരു ലോഡ്ജിൽ നിന്നും കിട്ടിയ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘമായ റൂറൽ ഷാഡോ പൊലീസിന് പിടിവള്ളിയായത്.

ഇമാമിനൊപ്പമുണ്ടായിരുന്ന സഹായി ഫാസിലിന്‍റെ കാറിൽ പകൽ കറങ്ങിയ ശേഷം രാത്രിയിൽ ലോഡ്ജിൽ മുറിയെടുക്കുമായിരുന്നു. ഫാസിലിന്‍റെ തിരിച്ചറിയൽ കാർഡുപയോഗിച്ചാണ് മുറിയെടുത്തത്. ഫാസിലിന്‍റെ ഫോണ്‍ ഉപയോഗിച്ചാണ് ഫെഫീക്ക് ഖാസ്മിയെ മറ്റുള്ളവരെ വിളിച്ചിരുന്നത്. സഹോദരനായ നൗഷാദിന്‍റെ ബിസിനസ് സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്ക് ഇമാമിനുവേണ്ടിയുള്ള പണം ബന്ധുക്കളും സുഹൃത്തുകളും കൈമാറിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.