ശാർക്കര ദേവീക്ഷേത്രത്തിൽ ഇന്ന് മുടിയുഴിച്ചിൽ, കാളിയൂട്ട് നാളെ

ചിറയിൻകീഴ്: ചിറയിൻകീഴ്  ശാർക്കര ദേവീക്ഷേത്രത്തിലെ കാളിയൂട്ടിന്റെ ഭാഗമായ മുടിയുഴിച്ചിൽ ചടങ്ങ് ഇന്ന് വൈകുന്നേരം നാലുമണിയോടെ ആരംഭിക്കും. ദാരികനിഗ്രഹത്തിനായി ദേവി ഭദ്രകാളിയായും ദുർഗാദേവിയായും  രണ്ടുദിക്കിലേക്ക് പോകുന്ന സങ്കൽപ്പമാണിത്. പൊന്നറ കുടുംബത്തിലെ രണ്ടംഗങ്ങൾ ദേവിമാരായി വേഷമിട്ട് മുടി തലയിൽ ചൂടി ക്ഷേത്രത്തിന് വെളിയിൽ വരും. ഭക്തജനങ്ങൾ നിറപറയും നിലവിളക്കുമായി ഇവരെ സ്വീകരിക്കും. ദേവി നെൽവിത്തെറിഞ്ഞ് ഭക്തരെ അനുഗ്രഹിക്കും.

കാർഷികവിളകൾക്ക് പുഷ്ടി പകരാൻ ഇത് സഹായിക്കുമെന്നാണ് വിശ്വാസം. അവർണജാതിക്കാർക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ചിരുന്ന കാലത്ത് അവർക്കും കൂടി ദേവീദർശനം നടത്താനുളള ദിവസമായിട്ടാണ് പണ്ട് ഇതിനെ കണ്ടിട്ടുളളത്. കഴിഞ്ഞ ഒരാഴ്ചയായി തുളളൽപ്പുരയ്ക്കകത്ത് നടന്നുകൊണ്ടിരുന്ന കാളിയൂട്ട് ചടങ്ങുകൾക്ക് സമാപനമായി. കാളിയൂട്ടിന് തുടക്കം കുറിക്കുന്ന കുറികുറിക്കൽ ചടങ്ങിന് ശേഷം ആദ്യത്തെ ഒരാഴ്ച തുളളൽപ്പുരയിൽ വൈവിധ്യമാർന്ന കഥകൾ കാളിയൂട്ട് നടത്താൻ നിയോഗിച്ചിട്ടുളള പൊന്നറ കുടുംബത്തിലെ അംഗങ്ങളാണ് അവതരിപ്പിക്കുന്നത്. കാളിയൂട്ടിന്റെ അവസാനത്തെ ചടങ്ങുകളായ മുടിയുഴിച്ചിലും നിലത്തിൽപ്പോരും ദാരികനിഗ്രഹവും ക്ഷേത്രമതിൽക്കെട്ടിന് പുറത്താണ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് ശാർക്കര മൈതാനിയിൽ നിലത്തിൽപ്പോരും ദാരികനിഗ്രഹവും അരങ്ങേറുന്നത്.