തുലാഭാരം നടത്തി ശോഭ സുരേന്ദ്രൻ ചിറയിൻകീഴിൽ പര്യടനം നടത്തി

ചിറയിൻകീഴ്: ആറ്റിങ്ങൽ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ ചിറയിൻകീഴ് മണ്ഡലം പര്യടനം ഇന്ന് നടന്നു. രാവിലെ ശാർക്കര ദേവീക്ഷേത്രത്തിലെത്തിയ ശോഭ സുരേന്ദ്രൻ രസകദളിക്കുലകൾ കൊണ്ട് തുലാഭാരം നടത്തിയ ശേഷമാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലെത്തി യാത്രക്കാരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. വിവിധ ട്രയിനുകളുടെ ചിറയിൻകീഴിലെ സ്റ്റോപ്പുമായി ബന്ധപ്പെട്ട പരാതികൾ യാത്രക്കാർ സ്ഥാനാർത്ഥിയോട് പറഞ്ഞു.നരേന്ദ്രമോദി സർക്കാരിന്റെ തുടർ ഭരണത്തിൽ ട്രയിനുകളുടെ സ്റ്റോപ്പ് അർഹതപ്പെട്ട സ്റ്റേഷനുകൾക്ക് ലഭിക്കുവാൻ ആത്മാർത്ഥമായി ശ്രമിക്കുമെന്ന് ശോഭ ഉറപ്പ് നൽകി.തുടർന്ന് ആനത്തലവട്ടം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, മുദാക്കൽ, അഴൂർ എന്നീ പഞ്ചായത്തുകളിൽ പര്യടനം നടത്തി.വൈകുന്നേരത്തോടെ ശാർക്കരയിലെത്തിയ പര്യടനത്തിൽ സുരേഷ് ഗോപി കൂടി പങ്കെടുത്തതോടെ പ്രവർത്തകർ ആവശേത്തിലായി. വൻ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ തുറന്ന ജീപ്പിലാണ് ശോഭയും സുരേഷ് ഗോപിയും ജനങ്ങളെ അഭിവാദ്യം ചെയ്തത്. ശാർക്കര ബൈപാസിൽ നിന്നാരംഭിച്ച പര്യടനം മംഗലപുരം പഞ്ചായത്തിൽ സമാപിച്ചു.