സ്നേഹ റെസിഡൻസിന് വേനൽ ചൂടിൽ കെ.എസ്.ഇ.ബിയുടെ ഇരുട്ടടി

ആറ്റിങ്ങൽ : വേനൽ ചൂടിൽ ജനം നെട്ടോട്ടമോടുമ്പോൾ കെ.എസ്.ഇ.ബിയുടെ ഇരുട്ടടി താങ്ങാനാവാതെ അവനവഞ്ചേരി സ്നേഹ റെസിഡന്റ്‌സ് അസോസിയേഷൻ. അസോസിയേഷൻ പരിധിയായ ടോൾമുക്ക്, പോയിന്റ് മുക്ക് അവനവഞ്ചേരി മേഖലകളിൽ രണ്ടു ദിവസമായി വൈദ്യുതി പൂർണമായും തടസ്സപ്പെട്ട നിലയിലാണ്. ഇന്നലെയും (25-3-19) ഇന്നുമായി വൈദ്യുതി ഇല്ലാതെ നാട്ടുകാർ ദുരിതത്തിലാണ്.

40ഡിഗ്രിയും അതിന് മുകളിലും ചൂടുള്ള നിലവിലെ സാഹചര്യത്തിൽ പകൽ 11 മണി മുതൽ വൈകുന്നേരം വരെ ജോലി ചെയ്യുന്നതിന് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അപ്പോഴാണ് യാതൊരു മുന്നറിയിപ്പും കൂടാതെ മാർച്ച്‌ 31 വരെ കേബിൾ ജോലിക്കായി വൈദ്യുതി പൂർണമായും വിശ്ചേദിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്ന് റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

മാർച്ച്‌ 31ന് മുൻപ് കേബിൾ ജോലി പൂർത്തിയാക്കുമെന്നും കറന്റ് ലഭിക്കാൻ വേറെ മാർഗം നോക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞെന്നും അസോസിയേഷൻ പറയുന്നു. രോഗബാധിതരും, സ്ത്രീകളും, കുട്ടികളും ഉൾപ്പടെയുള്ളവർ സഹിക്കാനാവാത്ത ചൂടിൽ വെന്തു പൊള്ളുകയാണ്. അധികൃതർ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് സ്നേഹ റസിഡന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.