
ആറ്റിങ്ങൽ :വാറൻറായിട്ടും കോടതിയിൽ ഹാജരാവാതിരുന്ന ആറ്റിങ്ങൽ ബി.ജെ.പി സ്ഥാനാർഥി ശോഭ സുരേന്ദ്രന് കോടതിയുടെ വിമർശനം. ജാമ്യ സംഖ്യയായ 40,000 രൂപ കോടതി കണ്ടുകെട്ടി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയതോടെ കോടതിയിൽ ഹാജരായി ജാമ്യമെടുക്കാൻ ശ്രമിച്ചപ്പോഴാണ് കോടതി നടപടി.
മുൻജാമ്യക്കാരുടെ ജാമ്യസംഖ്യയായ 40,000 രൂപ കോടതി കണ്ടു കെട്ടിയശേഷം പുതിയ ജാമ്യക്കാരെ ഉപയോഗിച്ച് ജില്ല അഡീഷനൽ ജഡ്ജി സിസാർ അഹമദ് ജാമ്യം അനുവദിക്കുകയായിരുന്നു. ശബരിമല വിഷയത്തിൽ അനാവശ്യ ഹർജികൾ നൽകിയതിന് ഹൈകോടതി 25,000 രൂപ പിഴ ശിക്ഷ വിധിച്ചിരുന്നു.
പിഴയൊടുക്കില്ലെന്നും സുപ്രീം കോടതിയിൽ അപ്പീൽ പോവുമെന്നായിരുന്നു അന്ന് ശോഭ സുരേന്ദ്രന്റെ വാദമെങ്കിലും പിന്നീട് സുപ്രീംകോടതിയിൽ പോവാതെ അഭിഭാഷകൻ മുഖേന 25,000 രൂപ പിഴ അടച്ച് കേസിൽ നിന്നും ഒഴിവാകുകയായിരുന്നു. പാലിയേക്കരയിലെ ടോൾ സമരത്തിൽ പുതുക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വി. മുരളീധരൻ കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. എന്നാൽ ശോഭ സുരേന്ദ്രൻ ഹാജരായിരുന്നില്ല.