പെരുമാറ്റച്ചട്ടം പാലിച്ചില്ലെങ്കിൽ സോഷ്യൽ മീഡിയയും കുടുങ്ങും

തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾക്കായി സോഷ്യൽ മീഡിയ വഴി നടത്തുന്ന പ്രചാരണങ്ങളും ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി നിരീക്ഷിക്കും. സ്ഥാനാർത്ഥികൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന പോസ്റ്റുകളിലെ ഉള്ളടക്കങ്ങൾ പെരുമാറ്റച്ചട്ടം പാലിക്കുന്നതായിരിക്കണം. അപകീർത്തിപ്പെടുത്തുന്നതോ വ്യക്തിഹത്യ നടത്തുന്ന രീതിയിലുളളതോ ആയ പരാമർശങ്ങൾ പാടില്ല. ജാതി-മത-ഭാഷാപരമായ വിദ്വേഷങ്ങൾ ഉണ്ടാക്കുന്ന രീതിയിലുളള പ്രചാരണങ്ങളും അനുവദിക്കില്ല. സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ കമ്മറ്റിക്ക് സമർപ്പിക്കണം. മീഡിയ സർട്ടിഫിക്കേഷൻ മോണിറ്ററിങ് കമ്മിറ്റി അംഗീകരിച്ച പരസ്യങ്ങൾ മാത്രമേ സോഷ്യൽ മീഡിയകളിലൂടെ പ്രസിദ്ധപ്പെടുത്താൻ പാടുളളൂ.

സ്ഥാനാർത്ഥികളുടെ മൊത്തം തെരഞ്ഞെടുപ്പ് ചെലവ് കണക്കിൽ സോഷ്യൽ മീഡിയ ക്യാമ്പയനിങ്ങിനായി ചെലവഴിച്ച തുകയും ഉൾപ്പെടുത്തും.
മാതൃക പെരുമാറ്റച്ചട്ടം നിലവിലിരിക്കുമ്പോൾ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും കേബിൾ ചാനലുകൾ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവയടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങളും സിനിമ തീയറ്ററുകളും വഴി ഇലക്ഷൻ പരസ്യങ്ങൾ, ഡോക്യുമെന്ററികൾ എന്നിവ പ്രക്ഷേപണം ചെയ്യുന്നതിന് മുൻപ് ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി തേടണം. തെരഞ്ഞെടുപ്പു പരസ്യങ്ങളുടെ സർട്ടിഫിക്കേഷനൊപ്പം പത്ര-ഇലക്ട്രോണിക് മാധ്യമങ്ങൾ നിരീക്ഷിക്കുകയും പരസ്യങ്ങൾ, പെയ്ഡ് ന്യൂസ്, സ്ഥാനാർത്ഥികളുമായും രാഷ്ട്രീയകക്ഷികളുമായി ബന്ധപ്പെട്ട വാർത്തകൾ എന്നിവയും കമ്മറ്റി റെക്കോഡു ചെയ്ത് സൂക്ഷിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെയ്ഡ് ന്യൂസുകളും സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയപാർട്ടികളുടെയും വാർത്തകളും പരസ്യങ്ങളും അവലോകനം ചെയ്യുന്ന കമ്മിറ്റി ഓരോ സ്ഥാനാർത്ഥിയേയും കുറിച്ചുള്ള റിപ്പോർട്ട് വരണാധികാരിക്കും ചെലവു നിരീക്ഷകനും നൽകും. സ്വതന്ത്രമായ് വോട്ടുചെയ്യാനുള്ള സമ്മതിദായകന്റെ അവകാശത്തിൽ പെയ്ഡ് ന്യൂസുകൾ സ്വാധീനം ചെലുത്തുന്നതായും തെരഞ്ഞെടുപ്പിൽ പണത്തിന്റെ സ്വാധീനശക്തിക്ക് അവ പ്രോത്സാഹനം നൽകുന്നതായും കണ്ടത്തിയതിനെ തുടർന്നാണ് കമ്മിഷൻ എം.സി.എം.സി.ക്കു രൂപം നൽകിയത്.