ഡ്യൂട്ടിക്കിടെ ജവാൻ വെടിയേറ്റ് മരിച്ചെന്നു വിവരം, ആത്മഹത്യയെന്നും സംശയം

പാങ്ങോട്: ഡ്യൂട്ടിക്കിടെ സ്വന്തം തോക്കിൽ നിന്നു വെടിയുതിർത്ത് ജവാൻ മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. പാങ്ങോട് ഭരതന്നൂർ തൃക്കോവിൽവട്ടം ഗിരിജാഭവനിൽ പുരുഷോത്തമൻപിള്ളയുടെയും സുലഭയുടെയും മകൻ വിശാഖ് കുമാർ(25) ആണു മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണു സംഭവമെന്നറിയുന്നു.  ഗുജറാത്ത് ജാം നഗറിൽ ഇൻഫന്ററി വിഭാഗം കരസേനാംഗമാണ്.

ജനുവരിയിൽ നാട്ടിലെത്തിയ വിശാഖ് വിവാഹം കഴിഞ്ഞ് ഇക്കഴിഞ്ഞ 12നാണ് ജോലി സ്ഥലത്തേക്ക് മടങ്ങിയത്. ഇന്നലെ പുലർച്ചെയാണ് മരണവിവരം നാട്ടിൽ അറിയുന്നത്. ഇന്നു രാത്രി 7.45ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം വീട്ടിൽ സംസ്കരിക്കും. ഭാര്യ: അഞ്ജന. ജമ്മു ആൻഡ് കശ്മീർ കരസേനാംഗം അഭിലാഷ് സഹോദരനാണ്.