വെഞ്ഞാറമൂട്ടിൽ പിതാവിന്റെ മരണാന്തര ചടങ്ങിന് നാട്ടിലെത്തിയ മകൻ വാഹനാപകടത്തിൽ മരിച്ചു

വെഞ്ഞാറമൂട്∙  പിതാവിന്റെ  മരണത്തെത്തുടർന്ന്  മുംബൈയിൽ നിന്നും നാട്ടിൽ എത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. എറണാകുളം പാങ്കോട് മൂലഞ്ചേരി ഹൗസിൽ അനീഷ് ചന്ദ്രൻ (41) ആണ് മരിച്ചത് . കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം.  ഇന്നലെ പുലർച്ചെ 5.30ന് സംസ്ഥാന പാതയിൽ  വെഞ്ഞാറമൂടിനു സമീപം തൈക്കാട് ആയിരുന്നു അപകടം.

തിരുവനന്തപുരത്തു നിന്നും ആലുവയിലേക്കു പോയ ബസ്സും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.  അപകടത്തിൽ കാറിന്റെ മുൻവശം തകർന്ന് സ്റ്റിയറിംഗ് വീലുകൾക്കിടയിൽ കുടുങ്ങിയ അനീഷ് ചന്ദ്രനെ നാട്ടുകാരും ബസ്സിലെ  യാത്രക്കാരും ചേർന്ന് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകവെ വഴി മദ്ധ്യേ മരിച്ചു.

വെഞ്ഞാറമൂട് പൊലീസ് നടപടികൾ സ്വീകരിച്ച്  മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. പിന്നീട് എറണാകുളം പുത്തൻകോട്ട  ശ്മശാനത്തിൽ സംസ്കരിച്ചു. വ്യാഴാഴ്ചയാണ് അനീഷ് ചന്ദ്രന്റെ  പിതാവ് ശശിധരൻ മരണമടഞ്ഞത്. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അടുത്ത ദിവസം  നാട്ടിലെത്തി.  നെയ്യാറ്റിൻകരയിലുള്ള കുടുംബ വീട്ടിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തു. തുടർന്ന് ശനിയാഴ്ച കോലഞ്ചേരിയിലുള്ള ഭാര്യ വീട്ടിൽ പോയി. ഇന്നലെ  രാവിലെയുള്ള  മരണനാന്തര ചടങ്ങുകൾക്കായി മടങ്ങി വരുന്നതിനിടെയാണ്  അപകടത്തിൽപ്പെടുന്നത്. ഭാര്യ:  പ്രീജ.മകൾ: അദ്വൈത( മൂന്ന് മാസം) .