പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ : അവനവഞ്ചേരി ഗവ.ഹൈസ്കൂളിലേയും ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലേയും പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. രണ്ടു വർഷത്തെ തീവ്രപരിശീലനം പൂർത്തിയാക്കിയ 88 കേഡറ്റുകളാണ് ഇതിൽ പങ്കെടുത്തത്. അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഓരോ പ്ലറ്റൂണും ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ ആൺകുട്ടികളുടെ രണ്ടു പ്ലറ്റൂണും അണിനിരന്ന പരേഡിന് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ എസ്.അനന്തൻ നേതൃത്വം നൽകി. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ബി.അശോകൻ ഐ.പി.എസ്. പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ ജില്ലാ നോഡൽ ഓഫീസർ പി.അനിൽകുമാർ, ജില്ലാ അസി. നോഡൽ ഓഫീസർമാരായ എസ്‌.രാജഗോപാൽ, അനിൽകുമാർ, നഗരസഭാ കൗൺസിലർമാരായ കെ.എസ്.സന്തോഷ് കുമാർ, പ്രിൻസ് രാജ്, അവനവഞ്ചേരി ഗവ.ഹൈസ്കൂൾ പി.റ്റി.എ. പ്രസിഡന്റ് അഡ്വ.എൽ.ആർ. മധുസൂദനൻ നായർ, ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ രജിത്കുമാർ, ഹെഡ്മാസ്റ്റർ എസ്.മുരളീധരൻ, അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, കെ.ശ്രീകുമാർ എന്നിവർ സംബന്ധിച്ചു.

പരേഡിൽ മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകൾക്ക് ജില്ലാ പോലീസ് മേധാവി ഉപഹാരങ്ങൾ സമ്മാനിച്ചു. തുടർന്ന് ചേർന്ന അനുമോദന യോഗം ആറ്റിങ്ങൽ ഇൻസ്പെക്ടർ ഒഫ് പോലീസ് എസ്.ഷാജി ഉദ്ഘാടനം ചെയ്തു. അനുമോദന യോഗത്തിൽ പാസ്സിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത മുഴുവൻ കേഡറ്റുകൾക്കും മെഡലുകൾ നൽകി ആദരിച്ചു. കൂടാതെ മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് വിമുക്തഭടനും സ്കൂളിലെ ഓഫീസ് അസിസ്റ്റൻറുമായ പി.കെ.ബാബുവിനെ ആദരിച്ചു.കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ എൻ.സാബു, എസ്.സബീല, എം.എസ്. സൈജാറാണി, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ആർ.എസ്.അനിൽ, ആർ.അജി, ശ്രീജൻ ജെ.പ്രകാശ്, രേഖ ആർ.നാഥ് എന്നിവർ പരേഡിന് നേതൃത്വം നൽകി.