ഈ ചീരയ്ക്ക് എന്താ പ്രത്യേകത? അറിയാം ‘ഒരാണ്ടൻ സുന്ദരിയുടെ’ കഥ !

നന്ദിയോട്: വിത്തിട്ടാൽ ചീര നാൽപ്പത്തഞ്ചിന് മുറിക്കാം. പറിച്ചു നട്ടാൽ തണ്ടുയരുന്നതനുസരിച്ച് മൂന്നു പ്രാവശ്യം പരമാവധി വിളവെടുക്കാം. വിളവെടുക്കേണ്ട സമയത്ത് എടുത്തില്ലെങ്കിൽ ചീര പൂവിട്ട് വിത്തായി മാറും. ഇതാണ് ചീരയുടെ കൃഷി സൂത്രം. എന്നാൽ നന്ദിയോട് പഞ്ചായത്തിലെ പൗവത്തൂർ പുരുഷോത്തമൻ നായരുടെ കൈവശമുള്ള ചീരവിത്ത് മണ്ണിൽ വിതച്ച് വേരോടിയാൽ ഒരു വർഷം വരെ പൂക്കാതെയും വിത്താകാതെയും നില്ക്കും. സാധാരണ ചീരയെക്കാൾ നാലിരട്ടി ഇല വലിപ്പവും തണ്ട് കനവും ലഭിക്കും. ”ഒരാണ്ടൻ സുന്ദരി” എന്നാണ് പുരുഷോത്തമൻ നായർ ഈ വിത്തിന് നൽകിയിട്ടുള്ള പേര്. ഒന്നര ഏക്കർ റബർ മുറിച്ചുമാറ്റിയ സ്ഥലത്ത് ചീരകൃഷി ലാഭകരമായി നടത്തി ശ്രദ്ധേയനായിരിക്കുകയാണ് ഈ ജൈവ കർഷകൻ. ആദ്യം തടമൊരുക്കി കുമ്മായം വിതറും. പിന്നെ, തന്റെ പശുക്കളിൽ നിന്ന് ലഭിക്കുന്ന ചാണക വളവും ഗോമൂത്ര ലായനിയും തളിക്കും. മറ്റു മരുന്ന് പ്രയോഗങ്ങളൊന്നുമില്ല. വേറിട്ട ഒരു ജൈവ ഭംഗി തന്നെയുണ്ട് ഇദ്ദേഹത്തിന്റെ ചീരത്തോട്ടം കാണാൻ. ”ഒരാണ്ടൻ ചീരയെ” വെല്ലി സ്വാഭാവികമായി മുളച്ചു വന്ന പച്ചച്ചീരയുടെ തണ്ടും സന്ദർശകരെ വിസ്മയിപ്പിച്ച് ഇവിടെ തഴച്ച് വളരുന്നുണ്ട്. നന്ദിയോട് കൃഷി ഓഫീസർ എസ്. ജയകുമാറും സംഘവും തോട്ടം സന്ദർശിച്ച് പുരുഷോത്തമൻ നായരെ അനുമോദിച്ചു. ഒരാണ്ടൻ ചീരയുടെ അത്ഭുത വിത്ത് നൂറ് കൃഷിത്തോട്ടങ്ങളിലെത്തിച്ച് പാരമ്പര്യ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കൃഷി ഭവൻ ഉദ്യോഗസ്ഥർ.