ശല്യം രൂക്ഷം : 30 തെരുവുനായ്ക്കളെ പിടികൂടി

വിളവൂർക്കൽ: വിളവൂർക്കൽ പഞ്ചായത്ത് മൂലമൺ വാർഡിൽ നിന്നും 30 തെരുവുനായ്ക്കളെ ഇന്നലെ പിടികൂടി.വന്ധ്യംകരണം നടത്തി ഏഴു ദിവസം കഴിഞ്ഞ പിടികൂടിയ അതേ സ്ഥലത്തു തുറന്നു വിടും. കുടുംബശ്രീ വഴിയാണു പദ്ധതി നടപ്പാക്കുന്നത്. വളർത്തു മൃഗങ്ങൾക്കു പ്രതിരോധ കുത്തിവയ്പും സംഘടിപ്പിച്ചു. ചൊവ്വാഴ്ച മൂലമൺ അങ്കണവാടിയിൽ നിന്നും അമ്മൂമ്മയോടൊപ്പം വീട്ടിലേക്കു നടന്നു പോകുകയായിരുന്ന മൂന്ന് വയസ്സുകാരനെ തെരുവുനായ കടിച്ചു. ഇതു നാട്ടുകാരിൽ വ്യാപക പ്രതിഷേധത്തിനിടയാക്കി. തുടർന്നാണ് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചത്. അതേസമയം ചില വീടുകളിൽ നായ്ക്കളെ കുത്തിവയ്ക്കാൻ ഉടമ തയാറായില്ലന്നു ജീവനക്കാർ പരാതിപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് വി.അനിൽ കുമാർ, വെറ്ററിനറി സർജൻ മുംതാസ്, പഞ്ചായത്ത് അംഗം എൽസ എന്നിവർ നേതൃത്വം നൽകി. വരും ദിവസവും പ്രവർത്തനം തുടരും