കുട്ടിപോലീസിന്റെ ബോധവത്ക്കരണം

വിതുര: ട്രാഫിക് നിയമങ്ങൾ പാലിക്കാതെ ഇന്നലെ രാവിലെ പൊൻമുടി വിതുര റോഡിൽ വിതുര കലുങ്ക് ജംഗ്ഷനിലൂടെ വാഹനങ്ങൾ ഓടിച്ചെത്തിയവർക്ക് കുട്ടിപൊലീസ് ശരിക്കും പണികൊടുത്തു. ഹെൽമെറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റ് ഇടാതെയും യാത്ര ചെയ്യുന്നവർക്ക് പിഴശിക്ഷ ലഭിക്കുമെന്ന് അറിയാമെങ്കിലും അനവധി പേർ നിയമം പാലിക്കാതെ വാഹനങ്ങൾ ഓടിച്ചെത്തി. ഇവർ കുട്ടിപൊലീസിന്റെ മുന്നിലേക്കാണ് വന്ന് പെട്ടത്. ട്രാഫിക് ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി വിതുര ജനമൈത്രി പൊലീസ് സ്റ്റേഷന്റെയും വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകളുടെയും നേതൃത്വത്തിൽ വിതുര കലുങ്ക് ജംഗ്ഷനിൽ ട്രാഫിക് ബോധവത്കരണ പരിപാടി നടത്തുകയായിരുന്നു. ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും യാത്ര ചെയ്തവർക്ക് വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും മുൻകരുതലുകളെക്കുറിച്ചും വിദ്യാർത്ഥികൾ ബോധവത്കരണം നടത്തി. വിവിധ ട്രാഫിക് നിയമങ്ങൾ ഉൾക്കൊള്ളുന്ന ട്രാഫിക് കാർഡുകളും വിദ്യാർത്ഥികൾ വിതരണം ചെയ്തു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വി.വി. വിനോദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷൈനി കുമാരി തുടങ്ങിയവർ നേതൃത്വം നൽകി.