അവധിക്കാല ക്ലാസുകൾ നടത്തരുതെന്ന‌് വിദ്യാഭ്യാസവകുപ്പ‌്

തിരുവനന്തപുരം :  സംസ്ഥാനത്തെ  പൊതുവിദ്യാലയങ്ങൾ വേനലവധിക്കായി രണ്ടുമാസത്തേക്ക‌് അടച്ചു. കൊടുംചൂടും വരൾച്ചയും കണക്കിലെടുത്ത‌് അവധിക്കാല ക്ലാസുകൾ നടത്തരുതെന്ന‌് വിദ്യാഭ്യാസവകുപ്പ‌് നിർദേശം നൽകി.  അൺ എയ‌്ഡഡ‌് വിദ്യാലയങ്ങൾക്കും നിർദേശം ബാധകമാണ‌്.  സിബിഎസ‌്ഇ, ഐസിഎസ‌്ഇ സിലബസുകൾ പിന്തുടരുന്ന വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകൾ പാടില്ല. ഇതുസംബന്ധിച്ച വിശദ സർക്കുലർ ശനിയാഴ‌്ച ഇറങ്ങും. സംസ്ഥാനം അഭിമുഖീകരിക്കുന്ന കൊടുംചൂടും വരൾച്ചയും കണക്കിലെടുത്താണ‌് വിദ്യാഭ്യാസ നിയമത്തിലെ വകുപ്പുകൾ പ്രകാരം അവധിക്കാല ക്ലാസുകൾ ഈവർഷം നടത്തേണ്ടതിലെന്ന‌് തീരുമാനിച്ചത‌്.

കൊടുംചൂടിൽ ക്ലാസുകൾ നടത്തുന്നത‌് വിദ്യാർഥികളുടെ ആരോഗ്യത്തിന‌് ഹാനികരമാണെന്ന‌് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ‌് നൽകിയിട്ടുണ്ട‌്. അവധിക്കാല ക്ലാസുകൾക്കെതിരെ ബാലാവകാശ കമീഷൻ ഉത്തരവും ഉണ്ട‌്.

അതേസമയം പരമാവധി 10 ദിവസംവരെ സ‌്കൂളുകളിൽ മുൻകൂർ അനുമതിയോടെ ക്യാമ്പുകൾ സംഘടിപ്പിക്കാം. ചൂട‌് നിയന്ത്രണ സംവിധാനങ്ങൾ, കുടിവെള്ളം എന്നിവ ഉറപ്പാക്കിയ ശേഷം അതത‌് വിദ്യാഭ്യാസ ഓഫീസർമാർക്ക‌് സംഘാടകർ അപേക്ഷ നൽകണം.

എഇഒ മുതലുള്ള ഓഫീസർമാർ സ‌്കൂളിലെത്തി ആവശ്യമായ മുന്നൊരുക്കം ഉണ്ടെന്ന‌് ഉറപ്പാക്കിയശേഷം രേഖാമൂലമുള്ള അനുമതിയോടെയോ 10 ദിവസത്തിൽകൂടാത്ത ക്യാമ്പുകളും ശിൽപ്പശാലകളും നടത്താവൂ. സ‌്പെഷ്യൽ ക്ലാസുകളോ അവധിക്കാല ക്ലാസുകൾക്കോ അനുമതിയുണ്ടാകില്ല. ജൂൺ മൂന്നിന‌് സ‌്കൂളുകൾ തുറക്കും. മുഴുവൻ വിദ്യാലയങ്ങളിലും പ്രവേശനോത്സവങ്ങളും സംഘടിപ്പിക്കും.