സൂര്യാഘാതം ആയൂർവേദത്തിലൂടെ പ്രതിരോധിക്കാം…

സൂര്യാഘാത സാധ്യത അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ആയൂർവേദത്തിലൂടെ സൂര്യാഘാത സാധ്യത ഫലപ്രദമായി നേരിടാനാകുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ.എസ്. പ്രിയ അറിയിച്ചു. ഇതിനായി കേരളത്തിലുടനീളമുള്ള ഭാരതീയ ചികിത്സാ വിഭാഗത്തിന്റെ സ്ഥാപനങ്ങൾ വഴി ചികിത്സ ലഭ്യമാക്കുന്നുണ്ട്. വേനലിൽ ഉണ്ടാകാവുന്ന ശാരീരിക മാറ്റങ്ങളും വരാൻ സാധ്യതയുള്ള രോഗങ്ങളും പ്രതിരോധിക്കാൻ കഴിയുന്ന രീതിയിലുള്ള ആഹാരവും ദൈനംദിന ചര്യകളും പിന്തുടർന്നാൽ ഒരു പരിധി വരെ സൂര്യാഘാതത്തെ പ്രതിരോധിക്കാനാകും.

ആഹാരത്തിൽ എരിവ്, പുളി, ഉപ്പ് എന്നിവയുടെ ഉപയോഗം വളരെയധികം കുറയ്ക്കണം. വേഗം ദഹിക്കുന്നതും ദ്രവരൂപത്തിലുള്ളതും തണുത്ത ഗുണത്തോടു കൂടിയതുമായ ആഹാരങ്ങൾ വേനൽകാലത്ത് ആരോഗ്യം നിലനിർത്തുന്നതിനും വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഉപയോഗിക്കണം.
കയ്പുരസമുള്ള പച്ചക്കറികളും ഇക്കാലത്ത് സുലഭമായി ലഭിക്കുന്ന പഴങ്ങളും ആഹാരത്തിൽ ധാരാളമായി ഉപയോഗിക്കാം. മത്സ്യവും മാംസവും വളരെക്കുറച്ചുമാത്രം ഉപയോഗിക്കുക. ഗോതമ്പ്, അരി, കൂവരക്, ചോളം ചെറുപയർ, പരിപ്പ് വർഗ്ഗങ്ങൾ ഉപയോഗിക്കാം.
കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം. തിളപ്പിച്ചാറിയ വെള്ളത്തിൽ കഴുകി വൃത്തിയാക്കിയ രാമച്ചമിട്ട് വച്ചിരുന്ന ജലം, നറുനീണ്ടി ഇട്ടു തിളപ്പിച്ച ജലം എന്നിവയും കുടിക്കാം.
മലർപ്പൊടി പഞ്ചസാര ചേർത്ത് അൽപം വീതം കഴിക്കുന്നത് ക്ഷീണമകറ്റുന്നതിനു സഹായിക്കും. വിവിധ തരം പഴച്ചാറുകൾ നേർപ്പിച്ചും ഉപയോഗിക്കാം. തണ്ണിമത്തൻ, മാങ്ങ, മുന്തിരി, പച്ചക്കറികൾ, മത്തൻ എന്നിവ ജ്യൂസ് ആക്കിയും മോരിൻ വെള്ളം, നാരങ്ങാവെള്ളം എന്നിവയും കുടിക്കാം.
വേനൽക്കാലത്ത് മദ്യവും അതുപോലെയുള്ള പാനീയങ്ങളും ഒഴിവാക്കണം. സാധാരണ കുടിക്കുന്നതിലും കൂടുതൽ വെള്ളം വേനൽകാലത്ത് കുടിക്കണം. ആരോഗ്യവാനായ ഒരു വ്യക്തി 12 മുതൽ 15 ഗ്ലാസ് വരെ വെള്ളം വേനൽക്കാലത്ത് കുടിക്കണം.
ശരീര താപം വർദ്ധിക്കുന്നതിനാൽ ദേഹത്ത് എണ്ണ തേക്കുന്നത് നല്ലതാണ്. പിണ്ഡതൈലം, നാല്പാമരാദിതൈലം തുടങ്ങിയ എണ്ണകൾ പുരട്ടി കുളിക്കുന്നത് ത്വക്കിന്റെ പ്രതിരോധ ശക്തി വർധിപ്പിക്കും.
അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. നേരിട്ട് സൂര്യ രശ്മികൾ ശരീരത്തിൽ പതിക്കാത്ത തരത്തിലുള്ള വസ്ത്രങ്ങൾ ആണ് അനുയോജ്യം.
സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ ലഭ്യമായ ഷഡംഗം കഷായ ചൂർണം, ഗുളൂച്യാദി കഷായ ചൂർണ്ണം, ദ്രാക്ഷാദികഷായ ചൂർണം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിന് ഉപയോഗിക്കാം. വേനൽക്കാല രോഗങ്ങൾക്ക് പ്രതിരോധത്തിനും ചികിത്സക്കും ആവശ്യമായ എല്ലാ ഔഷധങ്ങളും ഗവ. ആയുർവേദ സ്ഥാപനങ്ങളിൽ ലഭ്യമാണ്.
സൂര്യാഘാതം എന്ന ഗുരുതരമായ അവസ്ഥയിലേക്ക് എത്തുംമുൻപ് സൂര്യാതപത്തിന്റേതായ ലക്ഷണങ്ങൾ രോഗിയിൽ വന്നു തുടങ്ങും. ശരീരതാപനില സാധാരണയിൽ കൂടുതൽ ഉയരുക, തൊലിക്ക് ചുവന്ന നിറം വരുക, തലചുറ്റൽ, ക്ഷീണം, മനംപിരട്ടൽ, തളർച്ച, ബോധം നഷ്ടമാകുക എന്നിവയൊക്കെ ഉണ്ടാകാം. ഈ അവസരത്തിൽ വെയിലത്തു നിന്നും മാറ്റി ആവശ്യമായ ചികിത്സയും മരുന്നുകളും നൽകണം.
സൂര്യാഘാതത്തിൽ ശരീര താപനില വളരെ കൂടുതൽ ഉയരുന്നു, ശ്വാസോഛ്വാസം കൂടുകയും തൊലി ചുവന്ന് പിന്നീട് വരണ്ടതാകുകയും ചെയ്യും. ശരീരം വിയർക്കുന്നത് നിൽക്കുകയും അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യും. അമിതമായ താപനില ആന്തരാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ച് ബോധക്ഷയവും മരണവും സംഭവിക്കാം.
സൂര്യാഘാതമേറ്റ രോഗിയെ താഴെ പറയുന്ന രീതിയിൽ പരിചരിക്കാം:
സൂര്യതാപമേറ്റ ചുറ്റുപാടിൽ നിന്നും ഉടൻ തന്നെ രോഗിയെ തണലിലേക്ക് മാറ്റണം. ശരീര താപനില ക്രമാനുഗതമായി കുറച്ചു കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
ശരീരം നനഞ്ഞ തുണികൊണ്ട് പൊതിയുക. തല, കഴുത്തിന്റെ പുറകുവശം, കക്ഷഭാഗങ്ങൾ, തുടയിടുക്കുകൾ എന്നിവിടങ്ങളിൽ നനഞ്ഞ തുണി വയ്ക്കുന്നത് നല്ലതാണ്.
കുടിക്കാനായി മോരിൽ ഇഞ്ചിയും മല്ലിയിലയും ചേർത്ത് ഉപയോഗിക്കുക. നറു നീണ്ടി, രാമച്ചം എന്നിവ ഇട്ട വെള്ളം തിളപ്പിച്ച് ഉപയോഗിക്കാം. കറ്റാർവാഴയുടെ ഉള്ളിലുള്ള ഭാഗം തൊലിപ്പുറത്ത് പുരട്ടുന്നത് ഫലപ്രദമാണ്. കുറച്ചു കുറച്ചായി വെള്ളം കുടിപ്പിക്കുക.
കോളകൾ, സോഡ ചേർന്ന പാനീയങ്ങൾ, മദ്യം എന്നിവ കൊടുക്കരുത്. അത് നിർജജലീകരണം ഉണ്ടാക്കും.