ഇന്ന് മുതൽ ബൈക്ക് ടാക്സി..

തിരുവനന്തപുരം :  ടാക്സി എന്നു കേട്ടാൽ മനസ്സിലേക്കോടിയെത്തുക മഞ്ഞ നിറമുള്ള നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ഒരു കാറാണ്. എന്നാൽ നഗരവാസികൾക്ക് ഇന്നു മുതൽ ആ സങ്കൽപം തിരുത്താം. ടാക്സിയെന്നാൽ ബൈക്കോ സ്കൂട്ടറോ പോലുള്ള ഇരുചക്രവാഹനവുമാകാം. രാജ്യത്തെ മുൻനിര ഇരുചക്ര ടാക്സി സേവനദാതാക്കളായ ‘റാപ്പിഡോ’ ഇന്നു മുതൽ നഗരത്തിൽ ടാക്സി സർവീസ്  ആരംഭിക്കുന്നു.
ബംഗളൂരുവും ചെന്നൈയും ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സാന്നിധ്യമുള്ള റാപ്പിഡോ ബൈക്ക് ടാക്സി ആദ്യമായാണു കേരളത്തിലെത്തുന്നത്. രാവിലെ 11നു ശംഖുമുഖത്തു ഡപ്യുട്ടി സ്പീക്കർ വി.ശശി  ‍ഫ്ലാഗ് ഓഫ് ചെയ്യും. ക്യാപ്റ്റൻ എന്നാണു റാപിഡോയിൽ ഇരുചക്രവാഹനം ഓടിക്കുന്നവരുടെ പദവി.
നിരക്ക്  ഡിജിറ്റൽ പേമെന്റ് ആയോ നേരിട്ടോ നൽകാം
മറ്റു ഓൺലൈൻ ടാക്സികൾ പോലെ മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിതമായാണു റാപ്പിഡോയും പ്രവർത്തിക്കുന്നത്. ആൻഡ്രോയ്ഡ് പ്ലേസ്റ്റോറിലും ഐഫോൺ ആപ്സ്റ്റോറിലും റാപിഡോ (RAPIDO) ആപ്ലിക്കേഷൻ ലഭ്യമാണ്. ഡൗൺലോഡ് ചെയ്ത ശേഷം കയറുന്ന സ്ഥലവും പോകേണ്ട സ്ഥലവും നൽകിയാൽ മാത്രം മതി. ആപ്ലിക്കേഷനിൽ കാണിക്കുന്ന നിരക്ക്  ഡിജിറ്റൽ പേമെന്റ് ആയോ  ടാക്സിയുമായി എത്തുന്ന ക്യാപ്റ്റനോ നൽകാം.
തുടക്കത്തിൽ ഇരുനൂറോളം ഇരുചക്രവാഹനങ്ങളാണു റാപിഡോയിൽ ടാക്സി സേവനം നൽകാനുള്ളത്. നഗരത്തിലുടനീളം ഇവർ സേവനം നൽകാനുണ്ടാകും. വൈകാതെ കൂടുതൽ ക്യാപ്റ്റൻമാരെ സഹകരിപ്പിക്കാനാണു റാപിഡോയുടെ പദ്ധതി.
ആദ്യ 5 കിലോമീറ്ററുകൾക്കു 3 രൂപ വീതവും തുടർന്നു കിലോമീറ്ററിന് 5 രൂപയും ഈടാക്കും. മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗത്തിൽ ഇരുചക്ര ടാക്സി സഞ്ചരിക്കില്ല. വാഹനം ഓടിക്കുന്നയാൾ ഹെൽമറ്റ് ധരിക്കുന്നതോടൊപ്പം യാത്രക്കാരനും  ഹെൽമറ്റ് നൽകും. വാഹനത്തിലെ എസ്ഒഎസ് സ്വിച്ച് വഴി തങ്ങൾ എവിടെയാണെന്നു ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കാനും സാധിക്കും. വാഹനം ഓടിക്കുന്നയാൾക്കും യാത്രക്കാരനും  അപകട ഇൻഷുറൻസ് പരിരക്ഷയും റാപിഡോ നൽകുന്നുണ്ട്.