കുടിവെള്ളത്തിനായി ഇവിടെയും യുദ്ധം വേണ്ടി വരുമോ? തൊളിക്കോട് നിവാസികൾ മുൾമുനയിൽ!!

തൊളിക്കോട് : വേനൽ കടുത്തതോടെ തൊളിക്കോട് ഗ്രാമ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. തേവൻപാറ, നാഗര, പുളിച്ചാമല, വെള്ളംകെട്ടുപാറ, പച്ചമല, ഉണ്ടപ്പാറ പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയായി. ജല അതോറിറ്റിയുടെ പൈപ്പ് ശൃംഖല ഇവിടങ്ങളിൽ പലയിടത്തും അന്യമായതും കിണറുകളിലെ ജല നിരപ്പ് നന്നേ കുറഞ്ഞതും പ്രശ്നം രൂക്ഷമാക്കുന്നു. പലരും വീടും നാടും വിട്ട് ബന്ധു വീടുകളെ ആശ്രയിക്കുന്നതായി വിവരമുണ്ട്.

പ്രദേശങ്ങളിൽ സ്വാഭാവിക ജല സ്രോതസ്സുകളിലെ നീരൊഴുക്കും കുറഞ്ഞു. പരിഹാര മാർഗങ്ങൾ ബന്ധപ്പെട്ടവർ അവലംബിക്കാതെ വന്നതോടെ പൊതുജനം കുടിനീരിനായി നെട്ടോട്ടമോടുകയാണ്. കുളിക്കാനും തുണി അലക്കാനും മറ്റിടങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണു പൊതുജനം. വിതുര– തൊളിക്കോട് കുടിവെള്ള പദ്ധതി സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നതും സ്ഥിതിഗതികൾ വഷളാക്കുന്നു.