വീടുകളിൽ ലൈബ്രറി ഒരുക്കി തോട്ടയ്ക്കാട് ഗവ. എൽ.പി.എസ്സിലെ വിദ്യാർത്ഥികൾ

കരവാരം : പുസ്തകക്കുടുക്ക പദ്ധതിയിലൂടെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ലൈബ്രറി ഒരുക്കുന്ന കേരളത്തിലെ ആദ്യ വിദ്യാലയമായി മാറുകയാണ് തോട്ടയ്ക്കാട് ഗവ. എൽ.പി.എസ്‌. കഴിഞ്ഞ വായനാദിനത്തിലാണ് മുഴുവൻ കുട്ടികൾക്കും പുസ്തകക്കുടുക്കകൾ സമ്മാനമായി നൽകിയത്. അതിൽ ഇടുന്ന നാണയത്തുട്ടുകൾ ചേർത്ത് സ്വന്തമായി പുസ്തകങ്ങൾ വാങ്ങി വീടുകളിൽ ലൈബ്രറി സജ്ജമാക്കുകയും അതിലൂടെ പുതിയൊരു വായന സംസ്കാരത്തിന് തുടക്കമിടുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാലയത്തിന്റെ സമ്പൂർണ ഹോം ലൈബ്രറി പ്രഖ്യാപനം കവി ഏഴാച്ചേരി രാമചന്ദ്രൻ നിർവഹിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ വായന പതിപ്പുകളുടെ പ്രകാശനവും നടന്നു. അമ്മമാരെ മികച്ച വായനക്കാരാക്കാൻ തയ്യാറാക്കിയ ‘അമ്മ വായന പതിപ്പ് ‘ പ്രൊഫസർ ഡോ. ആർ. പ്രകാശ് നിർവഹിച്ചു. പുസ്തകക്കുടുക്കയിലൂടെ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ സ്വന്തമാക്കിയ രണ്ടാം ക്ലാസുകാരി പ്രാർത്ഥന സുരേഷിനെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് റിജു, പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്‌. ദീപ, വൈസ് പ്രസിഡന്റ് സുരേഷ്‌കുമാർ, ബ്ലോക്ക്‌ മെമ്പർ പി.ആർ. രാജീവ്‌, ലിസി ശ്രീകുമാർ, വാർഡ് മെമ്പർ വിലാസിനി, എ.ഇ.ഒ വി.രാജു, ബി.പി.ഒ സുരേഷ്‌കുമാർ, എസ്‌. മധുസൂധദനക്കുറുപ്പ്, മുൻ ഹെഡ്മാസ്റ്റർ കെ.വി. വേണുഗോപാൽ, വി.ഡി. രാജീവ്‌, ബി.ആർ.സി കോ -ഓർഡിനേറ്റർ സ്മിത, ദിലീപ്, അദ്ധ്യാപകരായ ഷമീന, ഷൈലജ, അരുൺദാസ്, ഷൈന ലിജി തുടങ്ങിയവർ പങ്കെടുത്തു.